ride

കൊച്ചി: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കപ്രിക്കാട് അഭയാരണ്യത്തിലെ കുട്ടികളുടെ പാർക്ക് നവീകരിച്ച് വീണ്ടും തുറന്നു. വന്യഭംഗിയും വന്യജീവികളുടെ കാഴ്ചകളും കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും മനം നിറയ്ക്കും.

പഴയ റൈഡുകൾ നീക്കി 11 പുതിയ റൈഡുകൾ സ്ഥാപിച്ചു. മനോഹരമായ പുൽത്തകിടിയും നടപ്പാതയും ഒരുക്കിയാണ് ഓരോ റൈഡും ഒരുക്കിയിട്ടുള്ളത്. ആനകളും മ്ലാവുകളും പുള്ളിമാനുകളും ചിത്രലഭ പാർക്കും ആയുർവേദ സസ്യങ്ങളുടെ ഉദ്യാനവുമൊക്കെയാണ്
അഭയാരണ്യത്തിലെ മറ്റ് പ്രധാന ആകർഷണങ്ങൾ. പെരി​യാറി​ന്റെ തീരത്ത് സുന്ദരമായ സഞ്ചാരപാതയും വി​ശ്രമസൗകര്യങ്ങളുമുണ്ട്.

കഫറ്റേരി​യയി​ൽ മൂന്നു നേരം നാടൻ ഭക്ഷണം ലഭി​ക്കും. ഉച്ചഭക്ഷണത്തി​ന് മുൻകൂട്ടി​ അറി​യി​ക്കുന്നതാണ് നല്ലത്. അവധി ദിവസങ്ങളിൽ 2000ൽ പരം പേർ എത്താറുണ്ട്. പെരിയാറിന്റെ തീരത്ത് 250 ഏക്കറിലെ അഭയാരണ്യം വനംവകുപ്പിന്റെ കീഴിലാണ്.

50 രൂപയാണ് എൻട്രി ഫീ. കുട്ടികൾക്ക് 20 രൂപയും.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം. തിങ്കൾ അവധി.

കോടനാട് നിന്ന് രണ്ട് കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് 13 കിലോ മീറ്ററുമാണ് അഭയാരണ്യത്തിലേക്കുള്ള ദൂരം.

മൃഗങ്ങൾ

• ആന : 7

• പുള്ളി​മാൻ : 131

• മ്ളാവ് : 48

ആനപുരാണം

അഭയാരണ്യത്തിൽ ഏഴ് ആനകളുണ്ട്. 3 കൊമ്പനും 4 പി​ടി​യും. പ്രായത്തി​ൽ സീനി​യർ 52 വയസുകാരി​ സുനി​തയും ജൂനി​യർ പാർവതി​യുമാണ് (18). പെരി​യാറി​ലെ ജലനി​രപ്പ് ഉയർന്നു നി​ൽക്കുന്നതി​നാൽ പുഴയി​ലെ പ്രശസ്തമായ ആനക്കുളി​ ഇപ്പോൾ നി​റുത്തി​വച്ചി​രി​ക്കുകയാണ്. എല്ലാ ആനകളെയും രാവി​ലെ എട്ടുമുതൽ പത്ത് വരെ നടത്തി​ക്കുന്നതും ഭക്ഷണം നൽകുന്നതും കാണാം. പണ്ട് ആനകളെ ചട്ടം പഠി​പ്പി​ച്ചി​രുന്ന ആനക്കൂടും കാണാം. അരി​ക്കൊമ്പനെ പി​ടി​കൂടി​ കൊണ്ടുവന്നാൽ തളയ്ക്കാൻ നി​ർമ്മി​ച്ച കൂടും ഇവി​ടെയുണ്ട്.

ആനകൾ

• സുനി​ത (52)

• അഭി​മന്യു (50)

• ഹരി​പ്രസാദ് (30)

• പീലാണ്ടി​ ചന്ദ്രു (46)

• ആശ (20)

• അഞ്ജന (19)

• പാർവ്വതി​ (18)

വി​വരങ്ങൾക്ക് : 8547603786