നെടുമ്പാശേരി: 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആൻഡ് മാർക്കറ്റിംഗ് യൂണിറ്റ് 27ന് രാവിലെ 10.30ന് കുന്നുകര പ്ലാന്റിന് സമീപം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എം.പി, എസ്. ശർമ്മ, സനിത റഹിം, ടി.വി. പ്രതീഷ്, കെ.വി. രവീന്ദ്രൻ, ഷൈനി ജോർജ്, സൈന ബാബു, സി.എം. വർഗീസ്, സി.കെ. കാസിം, എം.എ. അബ്ദുൾ ജബ്ബാർ, ബീനാജോസ്, ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു, സെക്രട്ടറി കെ.എസ്. ഷിയാസ്, എസ്. ബിജു എന്നിവർ സംസാരിക്കും.
കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സഹകരണ ബാങ്കുകൾക്ക് നബാർഡ് നൽകുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടായ രണ്ടു കോടി രൂപ ഒരു ശതമാനം പലിശയിൽ കുന്നുകര സർവീസ് സഹകരണബാങ്കിന് അനുവദിച്ചത് ഉപയോഗിച്ചാണ് കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആൻഡ് മാർക്കറ്റിംഗ് യൂണിറ്റ് തയ്യാറാക്കിയത്.
വിദേശ വിപണി അടക്കം ലക്ഷ്യംവച്ച് ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളായി വാക്വം ഫ്രൈഡ് ചിപ്‌സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റാണ് ആരംഭിക്കുന്നത്.