1

ചെല്ലാനം : അറ്റകുറ്റപ്പണിക്കായി അടച്ചു പൂട്ടിയ ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തം നിലച്ചിട്ട് എട്ടുമാസം. നിലവിൽ യാതൊരു സൗകര്യവുമില്ലാത്ത ചെറിയ മുറിയിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.

ദിവസേന 1000 ത്തോളം രോഗികളെത്തുന്ന ആശുപത്രി എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി നിലവിലെ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം പ്രസിഡന്റ് ഷക്കീർ അലി ആവശ്യപ്പെട്ടു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികടക്കം നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ചെല്ലാനത്തെ ഒരേയൊരു ആരോഗ്യ കേന്ദ്രമാണ് അടഞ്ഞ് കിടക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഹാർബറിൽ ഒരപകടം ഉണ്ടായാൽപ്പോലും ആശ്രയമാക്കേണ്ട ഈ ആരോഗ്യകേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് അധികാരികളും കൊച്ചി എം.എൽ.എയും താത്പര്യം കാണിക്കാത്തത് സമീപത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് എന്നാണ് ആരോപണം.

രണ്ട് കുടുബ ആരോഗ്യ കേന്ദ്രങ്ങളുണ്ടായിരുന്ന ചെല്ലാനത്ത് ഒന്ന് അടച്ച് പൂട്ടിയിട്ട് രണ്ടര വർഷമാകുന്നു. പിന്നെ നിലവിലുണ്ടായിരുന്ന ആരോഗ്യ കേന്ദ്രവും അറ്റകുറ്റപ്പണിയെന്ന പേരിൽ അടച്ചു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷക്കീർ അലി അറിയിച്ചു. കൊച്ചി മണ്ഡലം സെക്രട്ടറി ലിസി ക്ലീറ്റസ്, ട്രഷറർ സെബാസ്റ്റിൻ പൈലി, വൈ. പ്രസിഡണ്ട് ജോർജ്ജ് കാളി പറമ്പിൽ എന്നിവർ സംസാരിച്ചു.