mayor

കൊച്ചി: നഗരസഭയുടെ മൂന്നാമത്തെ റോ-റോയുടെ നിർമ്മാണം ഫെബ്രുവരിയിൽ ആരംഭിക്കും. സ്മാർട്ട് സിറ്റി ബോർഡിൽ നേരത്തെ പദ്ധതിക്ക് 10കോടി അനുവദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് മേയറുടെ ആവശ്യപ്രകാരം മുഴുവൻ പണവും അനുവദിക്കാൻ സ്മാർട്ട് സിറ്റി ബോർഡ് തീരുമാനിച്ചു. 15 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ് യാർഡ് മൂന്നാമത്തെ റോ-റോയ്ക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കപ്പൽശാലയിലെത്തി ഷിപ്പ് യാർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു.എസ്. നായരുമായും മറ്റ് ഉദ്യോഗസ്ഥരുമായും മേയർ കൂടിക്കാഴ്ച നടത്തി.

റോ-റോ യുടെ നിർമ്മാണ ചുമതല ഏൽക്കുന്ന എൻജിനിയർമാരുമായും വിഷയം ചർച്ച ചെയ്തു. 2024 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ച് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. കൊച്ചി നഗരസഭയും കൊച്ചി കപ്പൽശാലയും സ്മാർട്ട് സിറ്റി അധികൃതരും ചേർന്ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

ആദ്യഘട്ടമായി മൂന്ന് കോടി രൂപ അടുത്ത ദിവസം കപ്പൽശാലയ്ക്ക് നിർമ്മാണം ആരംഭിക്കുന്നതിന് കൈമാറും. കപ്പൽശാല നൽകിയിട്ടുള്ള ഡി.പി.ആർ അംഗീകരിക്കും.

നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കും

മൂന്നാമത്തെ റോ-റോ നിർമ്മിക്കുമ്പോൾ നിലവിലുള്ള റോ-റോയിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ തകരാർ സംഭവിക്കുമ്പോൾ വിദേശത്തു നിന്ന് സാങ്കേതിക വിദഗ്ദ്ധർ വരാൻ കാത്തിരിക്കേണ്ടി വരാറുണ്ട്. ഒപ്പം സ്പെയർ പാർട്സുകളും എത്തിക്കേണ്ടി വന്നിട്ടുണ്ട്. തദ്ദേശീയമായ സാമഗ്രികൾ കൂടുതൽ ഉപയോഗിക്കണമെന്ന അഭ്യർത്ഥന മുന്നോട്ട് വച്ചിട്ടുണ്ട്. റോ-റോ യുടെ പ്രവർത്തനത്തിന് ആവശ്യമായ സ്‌പെയർപാർട്ടുകൾ റോ-റോ യിൽ തന്നെ വാങ്ങി സൂക്ഷിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ഷിപ്പ്‌യാർഡ് അറിയിച്ചു.