ആലങ്ങാട്: അശരണർക്കും കിടപ്പു രോഗികൾക്കും സാന്ത്വനമേകാൻ ആലങ്ങാട് പഞ്ചായത്ത് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ മരുന്നുപെട്ടികൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക്, ചിറയം ബ്രാഞ്ച് ഓഫീസ്, ആലങ്ങാട് സഹകരണ ബാങ്ക്, തിരുവാല്ലൂർ ക്ഷീര സഹകരണ സംഘം, മാളികംപീടിക നാഷണൽ ഫർണീച്ചർ എന്നിവിടങ്ങളിലാണ് മരുന്ന് പെട്ടികൾ സ്ഥാപിക്കുന്നത്.
പൊതുജനങ്ങൾ ഉപയോഗിച്ച് ബാക്കിവരുന്നതും കാലാവധി കഴിയാത്തതുമായ എല്ലാ മരുന്നുകളും ഈ പെട്ടികളിൽ നിക്ഷേപിക്കാം. ഇത് റസിഡന്റ് അസോസിയേഷൻ ശേഖരിച്ച് ആലുവയിലെ ഡോക്ടർമാരുടെ സംഘടനയ്ക്ക് നൽകും. മരുന്നുകൾ തരംതിരിച്ച് പാലിയേറ്റീവ് കേന്ദ്രങ്ങൾ വഴി ഇവർ നിർദ്ധനരോഗികൾക്ക് എത്തിച്ചു നൽകും.വെള്ളിയാഴ്ച്ച 10ന് കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹ.ബാങ്കിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് മരുന്നുപെട്ടികൾ ഉദ്ഘാടനം ചെയ്യും.
29, 30, 31 തീയതികളിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. നീറിക്കോട് സഹകരണ ബാങ്ക്, കൊങ്ങോർപ്പിള്ളി, ആലങ്ങാട് പള്ളികൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28ന് മുമ്പായി 9895648874 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അപെക്സ് കൗൺസിൽ പ്രസിഡന്റ് സാജു വർഗീസ് കോയിത്തറ, സെക്രട്ടറി എ സി രാധാകൃഷ്ണൻ, സക്കറിയ മണവാളൻ, വി ജി മുരളിധരൻ കർത്ത, സഹിദ സുലൈമാൻ, അഗസ്റ്റിൻ ആക്കുന്നത്ത് എന്നിവർ പറഞ്ഞു.