
കൊച്ചി: നഗരത്തിലെ നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചെന്ന മഹാരാജാസ് കോളേജ് മുൻ പ്രൻസിപ്പൽ ഡോ. വി.എസ്. ജോയിയുടെ ആരോപണത്തിൽ എക്സൈസ് സമഗ്രാന്വേഷണം നടത്തും. ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ധരിച്ച്, കഴിഞ്ഞ ദിവസം ചേർന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലാണ് വി.എസ്. ജോയി കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത്തരമൊരു ഇന്റലിജൻസ് റിപ്പോർട്ട് ഇല്ലെങ്കിലും വിഷയം ഗൗരവമായി കാണുമെന്ന് എക്‌സൈസ് വ്യക്തമാക്കി.
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ മാഹാരാജാസിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. സുഭാഷ് പാർക്കും സമീപ പ്രദേശങ്ങളും നിരീക്ഷണത്തിലാണെന്നും അവർ അറിയിച്ചു.
സംഘർഷത്തിൽ കോളേജിന് പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടായിട്ടുണ്ട്. പൊലീസിനെ അറിയിക്കേണ്ടതെല്ലാം അറിയിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ-കെ.എസ്.യു- ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ വിദ്യാർത്ഥി സംഘടകൾ മഹാരാജാസ് കോളേജിലെ പ്രശ്നങ്ങൾ വഷളാക്കി. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എം.എസ്.എഫ് ഒഴികെയുള്ള സംഘടനകളെല്ലാം അമിതമായാണ് പ്രതികരിക്കുന്നതെന്നുമാണ് വി.എസ്. ജോയി തുറന്നുപറഞ്ഞത്. സ്ഥാനമൊഴിയുന്നതിനായി കോളേജിൽ എത്തിയ വി.എസ്. ജോയ് പ്രൻസിപ്പൽ ഇൻ ചാർജ് വിളിപ്പിച്ചത് അനുസരിച്ചാണ് ജനറൽ ബോഡിയിൽ സംസാരിച്ചത്.
കോളേജ് ഇന്ന് തുറക്കം
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസം അടച്ചിട്ട മഹാരാജാസ് കോളജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വൈകിട്ട് ആറുമണിക്ക് കോളേജ് ഗേറ്റ് അടക്കും. ശേഷം വിദ്യാർത്ഥികൾ കാമ്പസിൽ പാടില്ലെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷജില ബീവി പറഞ്ഞു. കോളജിൽ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ മുൻ പ്രിൻസിപ്പൽ സർക്കാറിന് കത്ത് നൽകിയിരുന്നു. സർക്കാർ തീരുമാനത്തിന് വേണ്ടി കാക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. 18നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്.
മഹരാജാസിലെ മുൻ പ്രൻസിപ്പലുമായി ഇക്കാര്യം സംസാരിച്ച ശേഷം സമഗ്രമായ അന്വേഷിക്കും.
ബി. ടെനിമോൻ
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ്