പ്രസിഡന്റ് പി.എം. അസീസ്
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫ് പിന്തുണയോടെ പി.എം. അസീസ് തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ മാത്യൂസ് വർക്കി രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. പായിപ്ര പഞ്ചായത്തിൽ ധാരണ പ്രകാരം കോൺഗ്രസിന് മൂന്നു വർഷവും രണ്ട് വർഷം മുസ്ലീംലീഗിനുമാണ് . എന്നാൽ കോൺഗ്രസ് അംഗം പി.എം.അസീസ് പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ഇരുപാർട്ടികളും നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗം പി.എം.അസീസ് എൽ.ഡി.എഫ്. പിന്തുണയോടെ പ്രസിഡന്റ് ആയത്. പി.എം.അസീസിന് 11വോട്ടും എതിരായി മത്സരിച്ച മുസ്ലീംലീഗിലെ എം.എസ്. അലിക്ക് 10 വോട്ടും ലഭിച്ചു. 9-ാം വാർഡിൽ നിന്നുവിജയിച്ച കോൺഗ്രസ് അംഗം നിസമൈതീന്റെ വോട്ട് അസാധുവായി. ഇതോടെയാണ് എൽ.ഡി.എഫിന് ഭരണത്തിന് വഴിയൊരുങ്ങിയത്.
കോൺഗ്രസിനകത്ത് തുടക്കംമുതൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റു സ്ഥാനത്തിന് രണ്ടപേർ രംഗത്തെത്തിയിരുന്നു. ഒരാൾക്ക് ആദ്യ രണ്ടുവർഷവും രണ്ടാമന് ഒരു വർഷവും പദവി നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ മറ്റുപഞ്ചായത്തുകളിലേതുപോലെ കരാർ എഴുതി ഉണ്ടാക്കിയിരുന്നില്ല. ഇതിന്റെ പിൻബലത്തിൽ ആദ്യം പ്രസിഡന്റായ മാത്യൂസ് വർക്കി മൂന്നുവർഷവും സ്ഥാനത്ത് തുടർന്നു. ഇതിനിടെ പലപ്പോഴും സ്ഥാനം വിട്ടുതരണമെന്ന് പി.എം. അസീസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കാലാവധി പൂർത്തിയാക്കി മാത്യൂസ് വർക്കി സ്ഥാനം ഒഴിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പി.എം. അസീസിന്റെ പേര് എൽ.ഡി.എഫ്. അംഗം ഇ.എം. ഷാജി നിർദ്ദേശിക്കുകയും മറ്റൊരംഗം പി.എച്ച്. സക്കീർ ഹുസൈൻ പിന്താങ്ങുകയും ചെയ്തു. മുസ്ലീം ലീഗിലെ എം.എസ്. അലിയുടെ പേര് യു.ഡി.എഫ് അംഗം മാത്യൂസ് വർക്കി നിർദ്ദേശിച്ചു, മറ്റൊരംഗമായ വി.ഇ.നാസർ പിന്താങ്ങി. മൂവാറ്റുപുഴ താലൂക്ക് സ്റ്റാറ്റിസ്റ്റിക്ക് ഓഫീസർ സി.ഇ. ഉസ്മാൻ വരണാധികാരിയായിരുന്നു.
കക്ഷി നില: യു.ഡി.എഫ്-്12, എൽ.ഡി. എഫ്-10