kaumudi
2023 നവംബർ 22ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ജയിൽ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചെങ്കിലും ഉപാധികൾ ആലുവ കോടതി നിർമ്മാണത്തെ വീണ്ടും കരുക്കിലാക്കി. 37.25 കോടി രൂപ ചെലവിൽ അഞ്ചുനില കെട്ടിടം നിർമ്മിക്കാനാണ് ഹൈക്കോടതി രൂപരേഖ തയ്യാറാക്കിയതെങ്കിലും നാല് നിലയാക്കി ചുരുക്കണമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്.

കെട്ടിട നിർമ്മാണത്തിന് നൽകിയ എൻ.ഒ.സിയിലാണ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഉപാധികളുള്ളത്. നിർദ്ദിഷ്ട കെട്ടിടം ജയിൽ വളപ്പ് കാണാനാകാത്ത വിധം നിർമ്മിക്കണമെന്ന മറ്റൊരു ഉപാധിയുമുണ്ടത്രെ. ഉപാധികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ആലുവ ബാർ അസോസിയേഷന്റെയും കെട്ടിട നിർമ്മാണ കമ്മിറ്റിയുടെയും യോഗം ചേർന്നിരുന്നു. ജയിൽ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചിലർ വാദിച്ചെങ്കിലും പദ്ധതി പൂർണമായി നഷ്ടമാകുമെന്ന മുതിർന്ന അഭിഭാഷകരുടെ നിർദ്ദേശം മാനിച്ച് പിൻമാറുകയായിരുന്നു.

ജയിൽ വകുപ്പിന്റെ എൻ.ഒ.സിയും ഉപാധിയുമെല്ലാം ഹൈക്കോടതി മുഖേന ആലുവ കോടതിയുടെ നിർമ്മാണ ചുമതലയുള്ള ജില്ലാ ജഡ്ജി ഹണി എം. വർഗീസിന് ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ആലുവ ബാർ അസോസിയേഷൻ പ്രതിനിധികളെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

എത്രയും വേഗം നാല് നിലകളുള്ള രൂപരേഖ തയ്യാറാക്കാനാണ് ശ്രമം. പുതിയ രൂപരേഖക്കും പി.ഡബ്ളിയു.ഡി, ഹൈക്കോടതി, ജയിൽവകുപ്പ് എന്നിവയുടെ അനുമതി ലഭിക്കേണ്ടി വരും. ഇത് നിർമ്മാണം താമസിപ്പിക്കുമെന്നാണ് ആശങ്ക.

താത്കാലിക കോടതി:

ധാരണയായി, ഒപ്പുവച്ചില്ല

കോടതി സമുച്ചയം നിർമ്മിക്കുന്നതിന് നിലവിലുള്ള കോടതികൾ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റുന്നതിന് തീരുമാനമായെങ്കിലും ഇതുവരെ ബി.എസ്.എൻ.എൽ അധികാരി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടില്ല. കരാർ തയ്യാറാക്കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ ഒപ്പിടൽ നീളുകയായിരുന്നു. വാടക സംബന്ധിച്ച തർക്കാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്.

പുതിയ കെട്ടിടത്തിൽ ആറ് കോടതികൾ

രണ്ട് നിർദ്ദിഷ്ട മജിസ്ട്രേറ്റ് കോടതികൾ, ഒരു മുൻസിഫ് കോടതി, കുടുംബകോടതി, പോക്സോ കോടതി, എം.എ.സി.ടി കോടതി എന്നിവയാണ് ഉണ്ടാവുക. നിലവിലെ കോടതി കെട്ടിടവും ക്വാർട്ടേഴ്‌സും സ്ഥിതി ചെയ്യുന്ന 85.593 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് വർഷം മുമ്പാണ് പണം അനുവദിച്ചത്.