
കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ പ്രസിഡന്റും സി.പി.ഐ മുൻ നേതാവുമായ എൻ. ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഭൂമി, സ്വർണാഭരണങ്ങൾ, ഒരു കാർ എന്നിവയാണ് കള്ളപ്പണം തടയൽ നിയമപ്രകാരം കണ്ടുകെട്ടിയത്.
തട്ടിപ്പിൽ ഭാസുരാംഗനും കുടുംബാംഗങ്ങളും പങ്കാളികളാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരെ അറസ്റ്റു ചെയ്ത് പ്രാഥമിക കുറ്റപത്രവും സമർപ്പിച്ചിരുന്നു.
ബാങ്ക് പ്രസിഡന്റെന്ന നിലയിൽ ഭാസുരാംഗന് തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് ഇ.ഡി അറിയിച്ചു. മക്കൾക്കും കടുംബാംഗങ്ങൾക്കും നിയമവിരുദ്ധമായി വായ്പകൾ അനുവദിച്ചു. ഒരേ വസ്തു പരസ്‌പരം ഈടുവച്ച് ഒന്നിലേറെ വായ്‌പകൾ അനുവദിച്ചതായും ഇ.ഡി കണ്ടെത്തിയിരുന്നു. ഇതുവരെ 57 കോടിയുടെ തട്ടിപ്പ് കണ്ടെത്തി.