പിറവം: നഗരത്തിലെ റോഡിലും ഫുട്പാത്തിലും ബോർഡുകൾ ഇറക്കി സ്ഥാപിച്ച് കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്ന നടപടി വൈകുന്നതായി ആക്ഷേപം. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച റോഡിന്റെ പലഭാഗങ്ങളിലും കയ്യേറ്റം ഉണ്ട്. ചിലർ റോഡിന്റെ സ്ഥലം കയ്യേറി കെട്ടിടത്തിന് ചാർത്തുകൾ നിർമ്മിച്ചിരുന്നു. കൂടാതെ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച 40 ഓളം ബോർഡുകളും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടായി തീരുകയാണ്.
നടപ്പാത ഒഴിപ്പിക്കുന്നതിൽ സെക്രട്ടറിക്ക് സ്വമേധയാ നടപടിയെടുക്കാം എന്ന് ഹൈക്കോടതി 4മാസങ്ങൾക്കു മുമ്പ് വിധി പുറപ്പെടുവിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച 40 ഓളം ബോർഡുകൾ നീക്കം ചെയ്യുകയും ബോർഡുകളുടെ വലിപ്പത്തിനനുസരിച്ച് പിഴ ഈടാക്കുകയും ചെയ്തിരുന്നു. ബോർഡുകൾ ഉടമകൾ നീക്കിയില്ലെങ്കിൽ അറിയിപ്പും കൂടാതെ നഗരസഭ ബോർഡുകൾ നീക്കുമെന്നും അതിന് ചെലവാകുന്ന തുക ഉടമകളിൽ നിന്ന് ഈടാക്കുമെന്നും വ്യാപാരികളെ അറിയിച്ചിരുന്നുവെങ്കിലും ചില ഉടമകൾ ബോർഡുകൾ നീക്കം ചെയ്യാൻ കൂട്ടാക്കിയിരുന്നില്ല. ഇത് മറ്റു വ്യാപാരികളുടെ ഇടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.നഗരസഭയുടെ നിർദ്ദേശം അനുസരിച്ച് സ്വമേധയാ ബോർഡുകൾ മാറ്റിയ വ്യാപാരികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
നഗരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾക്കിടെ ബസ് സ്റ്റാൻഡിന് സമീപം ജൻ ഔഷധി ഷോപ്പിനു മുന്നിലെ നടപ്പാതയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് തന്റെ സ്ഥാപനത്തിന്റെ ബോർഡുകൾ നീക്കാൻ നോട്ടീസ് നൽകിയ നഗരസഭ മറ്റ് പരസ്യ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്ന് കാട്ടി ജനൗഷധി ഷോപ്പ് ഉടമയും കായംകുളം സ്വദേശിയുമായ മേജർ ആർ രാജേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന്
നടപ്പാത ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് വിശദീകരണം നൽകാൻ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ടൗണിലെ നടപ്പാത കയ്യേറ്റവും അനധികൃത ബോർഡുകളും ഒഴിപ്പിക്കുന്നത് നഗരസഭ വീണ്ടും തുടങ്ങി. നഗരസഭ ശുചീകരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. റോഡരികിലെ ഓടയുടെ മുകൾഭാഗത്ത് നടപ്പാത കൈയേറി ഉറപ്പിച്ചിരുന്ന കോൺഗ്രീറ്റ് സ്ലാബുകൾ ഇളക്കിമാറ്റി അവശിഷ്ടങ്ങൾ പിന്നീട് നഗരസഭയുടെ വാഹനത്തിൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇവിടെ കാഴ്ച മറക്കുന്ന രീതിയിൽ റോഡിലേക്ക് വച്ചിരുന്ന പരസ്യ ബോർഡുകൾ ഇപ്പോഴും മാറ്റിയിട്ടില്ല. ടൗണിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മുൻപ് ഒഴിപ്പിക്കൽ നടന്നിരുന്നുവെങ്കിലും സ്റ്റാൻഡിന്റെ പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ഉടമ നഗരസഭാ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിച്ചതിനെ തുടർന്ന് ഹൈക്കോടതി കമ്മിഷനെ വയ്ക്കുകയും ചെയ്തു. ഇന്നലെ കമ്മിഷൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ച ശേഷം കോടതി നിർദ്ദേശാനുസരണം തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
...........................
അനധികൃതമായ കയ്യേറ്റം ഒഴിപ്പിക്കൽ ഒക്ടോബർ മാസത്തിൽ ആരംഭിച്ചതാണ്. നഗരസഭ പല സ്ഥാപനങ്ങളുടെയും ബോർഡുകൾ നീക്കം ചെയ്തത് സ്വന്തം പണം ചെലവാക്കി കൊണ്ടാണ്. ഇത് വ്യാപാരികളിൽ നിന്നും ഈടാക്കും. അനധികൃത കയ്യേറ്റങ്ങൾ എത്രയും ഒഴിപ്പിക്കും.
സെക്രട്ടറി, പിറവം നഗരസഭ