കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈകിട്ട് ആറിന് ശേഷം ഇനി കോളേജ് വളപ്പിൽ വിദ്യാർത്ഥികളെ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷജില ബീവി പറഞ്ഞു. ഏതാനും ദിവസം കൂടി കോളേജിൽ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന മുൻ പ്രിൻസിപ്പലിന്റെ കത്തിൽ സർക്കാരിന്റെ തീരുമാനം കാക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 18നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. എസ്.എഫ്.ഐ യൂണി​റ്റ് സെക്രട്ടറി​ അബ്ദുൾ നാസറി​ന് കുത്തേറ്റിരുന്നു.