മട്ടാഞ്ചേരി:കൊച്ചി നഗരസഭയിൽ ആരംഭിച്ച കെ. സ്മാർട്ടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. നഗരസഭാ കൗൺസിലർമാർക്ക് ഫയൽ ആരംഭിക്കുന്നതിനുള്ള പോർട്ടൽ പോലുമില്ലാതെയാണ് കെ. സ്മാർട്ട്‌ ആരംഭിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2021 മുതൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനായാണ് നഗരസഭ നൽകി വരുന്നത്. പഴയ ജനന സർട്ടിഫിക്കറ്റുകൾ ഓഫ് ലൈനായാണ് നൽകുന്നത്. എന്നാൽ കെ സ്മാർട്ട്‌ വന്നതോടെ പഴയ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യവും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ വ്യാപകമായ തെറ്റുമാണ് കടന്നു വന്നിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത്രയേറെ അപാകതകൾ നിലനിൽക്കുമ്പോൾ പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾ കെ. സ്മാർട്ടിലൂടെ നൽകൂവെന്ന് നഗരസഭ വാശി പിടിക്കാതെ ഓഫ് ലൈനിലൂടെയും സേവനങ്ങൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പാർലമെന്ററി പാർട്ടി സെക്രട്ടറി എം. ജി അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ആന്റണി പൈനുന്തറ , ഹെൻട്രി ഓസ്റ്റീൻ, അഭിലാഷ് തോപ്പിൽ എന്നിവർ സംസാരിച്ചു.