
കൊച്ചി: നവംബറിൽ നടന്ന എറണാകുളം സബ് ജില്ലാ കലോത്സവത്തിലെ രണ്ടാം സ്ഥാനക്കാരുടെ ട്രോഫി സംബന്ധിച്ച വിവാദങ്ങൾക്ക് താത്കാലിക വിരാമം. വിവരാവകാശങ്ങളും പരാതികളുമൊക്കെയായി വാർത്തകളിലിടംപിടിച്ച സംഭവത്തിനാണ് പരിഹാരമായത്. രണ്ടാം സ്ഥാനക്കാരുടെ ട്രോഫി അനധികൃതമായി കൈവശം വച്ചിരുന്ന ചേരാനല്ലൂർ അൽ ഫറൂഖിയ സ്‌കൂൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നിർദേശ പ്രകാരം ട്രോഫി എ.ഇ.ഒയ്ക്ക് തിരികെ നൽകി. എ.ഇ.ഒ ഗവ.ഗേൾസ് യു.പി സ്‌കൂളിനും കൈമാറി.
നവംബർ 11 മുതൽ 17വരെ നടന്ന കലോത്സവത്തിൽ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിച്ചിരുന്നത് എറണാകുളം ഗവ.ഗേൾസ് യു.പി.എസിനെയും ചേരാനല്ലൂർ അൽ ഫറുഖിയ എച്ച്.എസ്.എസിനെയുമായിരുന്നു. വിധിനിർണയത്തിൽ പരാതി ഉന്നയിച്ച കച്ചേരിപ്പടി സെന്റ്.ആന്റണീസ് സ്‌കൂളിലെ പി.ടി.എ വിവരാവകാശ പ്രകാരം വിവരങ്ങൾ തേടിയപ്പോഴാണ് ഗവ. ഗേൾസ് സ്‌കൂളിനും സെന്റ്. ആന്റണീസിനും 70 പോയിന്റും അൽ ഫറൂഖിയയ്ക്ക് 65ഉം പോയിന്റാണെന്ന് വ്യക്തമായത്. എ.ഇ.ഒ, ഡി.ഡി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു. 70 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയെന്ന് വിവരാവകാശ രേഖയിൽ വ്യക്തമായ കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിനെ എ.ഇ.ഒ ഇതുവരെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ല.
അറബിക് പദ്യം ചൊല്ലലിൽ പങ്കെടുത്ത കുട്ടിയുടെ പോയിന്റ് കൂട്ടിചേർക്കാൻ സാധിക്കുന്നില്ലെന്നും ആ പോയിന്റ് കൂടി കൂട്ടിയാൽ തങ്ങൾ 70 പോയിന്റ് ആകുമെന്നുമായിരുന്നു അൽ ഫറൂഖിയ സ്‌കൂളിന്റെ വാദം. എന്നാൽ, കൃത്യമായി നേരത്തെ തന്നെ പേര് രജിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോയിന്റ് കൃത്യമായി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് മറുവാദം.
ക്രമക്കേടുകൾ അന്വേഷിക്കണം
സബ് ജില്ലാ കലോത്സവത്തിലെ വിധി നിർണയത്തിൽ സംഭവിച്ച ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.