കൊച്ചി: എറണാകുളം നോർത്തിലുള്ള മാരിയമ്മൻ കോവിലിൽ കഴിഞ്ഞ 16ന് നടന്ന മോഷണത്തിലെ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി സുജിൽ (21), തമിഴ്‌നാട് സ്വദേശി അളകപ്പൻ (50) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. മാരിയമ്മൻ കോവിലിൽനിന്ന് മോഷ്ടിച്ച സി.സി ടിവി ഡി.വി.ആർ, മൊബൈൽഫോൺ എന്നിവ പ്രതികളിൽനിന്ന് കണ്ടെടുത്തു. ക്ഷേത്രത്തിന് സമീപമുള്ള സ്ഥലങ്ങളിലെ സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അളകപ്പനെയും സുജിലിനെയും സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ഇവർ സമീപകാലങ്ങളിൽ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നോർത്ത് എസ്.എച്ച്.ഒ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.