jk

കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ കൊട്ടിക്കയറുകയാണ്. എൻഫോഴ്‌സമെന്റ് ഡയറക്ടേറ്റാണ് നിലവിലെ മേളപ്രമാണി. കസ്റ്റംസും എൻ.ഐ.എയും സി.ബി.ഐയും ഇടംതല, വലംതല നിന്ന് ഒരു റൗണ്ട് പെരുക്കിക്കഴിഞ്ഞു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് ഇപ്പോൾ ചർച്ചകളിലുള്ള സഹപ്രമാണി. ഈ വിഷയം കോടതിയിലുണ്ട്. ഏതായാലും രാഷ്ടീയകേരളം ജാഗ്രതയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഒരു കൂട്ടപ്പൊരിച്ചിലിന് സാദ്ധ്യതയുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം നനഞ്ഞപടക്കമായി അവസാനിക്കുമെന്ന പ്രതീക്ഷയാണ് ആരോപണവിധേയരുടെ ഉള്ളിന്റെയുള്ളിൽ. അതിൽ അല്പം കാര്യമുണ്ടു താനും.

ക്യാപ്ടനെ

ലക്ഷ്യമിട്ട്


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് കോളിളക്കം സൃഷ്ടിച്ച അന്വേഷണങ്ങൾ നടന്നത്. സ്വർണക്കടത്തിലും ഡോളർ കടത്തിലും ലൈഫ്മിഷൻ കോഴക്കേസിലുമെല്ലാം കേന്ദ്ര ഏജൻസികൾ മേഞ്ഞുനടന്നു. മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതികളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റോടെ പലതും സംഭവിക്കുമെന്ന് ശ്രുതിപരന്നു. എന്നാൽ മുന്നോട്ടു തെളിവുകൾ ഉണ്ടായില്ല.

അന്വേഷണ കോലാഹലങ്ങളും മുഖ്യപ്രതിയുടെ വെളിപ്പെടുത്തലുമെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ രണ്ടാം പിണറായി സ‌ർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടിയതും ചരിത്രം. അങ്ങനെ നീങ്ങുന്നതിനിടയിലാണ് എക്സാലോജിക് കമ്പനി വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇക്കുറി ആരോപണങ്ങൾ ക്യാപ്ടന്റെ 'സെന്റിമെന്റ്‌സി'ലേക്കാണ്. മകളേയും അതുവഴി മുഖ്യമന്ത്രിയേയും ഉന്നമിട്ടാണ് നീക്കങ്ങൾ.

എക്സാലോജിക് ഇടപാടുകളിൽ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയം, കമ്പനി നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു. ഇതു പോരെന്നാണ് വ്യവഹാരികളുടെ പക്ഷം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് രാഷ്ട്രീയ നേതാവും അഭിഭാഷകനുമായ ഷോൺ ജോർജാണ്. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവും കെട്ടടങ്ങിയിട്ടില്ല.

മന്ത്രിയും

മുൻമന്ത്രിമാരും

റഡാറിൽ

ഭരണപക്ഷത്തെ ഉന്നതനേതാക്കളുടെ പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമലംഘനം ആരോപിച്ച് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെതിരേ ഇ.ഡി. പലതവണ സമൻസയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാതെ അദ്ദേഹം പിടിച്ചുനിൽക്കുകയാണ്. കോടതി വഴിയാണ് ഐസക്കിന്റെ പോരാട്ടം. അതിനിടെ അദ്ദേഹം ഇ.ഡിക്ക് നല്കിയ മറുപടി ചർച്ചയായിക്കഴിഞ്ഞു. വിശദീകരണത്തിൽ മുഖ്യമന്ത്രിയേക്കുറിച്ചു പരാമ‌ശിച്ചതു സംബന്ധിച്ചാണ് മാദ്ധ്യമങ്ങൾ ഇഴകീറി പരിശോധിച്ചത്. ഐസക് മൊഴി നല്കിയാൽ അന്വേഷണം മുകളിലേക്കും നീളുമെന്നാണ് സൂചന.

മന്ത്രി പി. രാജീവിന്റെ പേര് ഇ‌.ഡി. അന്വേഷണത്തിന്റെ ചിത്രത്തിലേക്കു വന്നതാണ് കഴിഞ്ഞദിവസമുണ്ടായ സംഭവവികാസം. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണിത്. അനിധികൃത വായ്പകൾ അനുവദിക്കാൻ, സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പി. രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആ‌‌ർ. സുനിൽകുമാർ മൊഴിനല്കിയിരുന്നു. ഇത് ഉൾപ്പെടുത്തിയ സത്യവാങ്മൂലമാണ് ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിച്ചത്.

മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ്‌കുട്ടി, എ.സി. മൊയ്ദീൻ തുടങ്ങി ഒരുകൂട്ടം പാർട്ടി നേതാക്കളുടെ പേരുകളും ഇതോടൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പലതും വരുമെന്നാണ് പി. രാജീവ് ഇതേപ്പറ്റി പ്രതികരിച്ചത്. കേസിൽ അന്വേഷണസംഘം രാജീവിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ തോമസ് ഐസക്കിന്റെ ഭാഗത്തുനിന്നുണ്ടായതുപോലെ പി. രാജീവും നിയമപരമായി ചെറുത്തുനില്ക്കാനാണ് സാദ്ധ്യത.

അകത്തായത്

രണ്ടാംനിരക്കാർ

കരുവന്നൂർ കേസിൽ മുൻ മന്ത്രി എ.സി. മൊയ്ദീനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസും ഹാജരായി. എന്നാൽ ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. കേസിൽ ഇതുവരെ അഴിയ്ക്കുള്ളിലായത് വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അടക്കം പ്രാദേശിക നേതാക്കളാണ്. കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിലാകട്ടെ സി.പി.ഐയുടെ രണ്ടാംനിര നേതാവായിരുന്ന എൻ. ഭാസുരാംഗനാണ് റിമാൻഡിലായത്. ഈ കേസുകളിലെല്ലാം ഉന്നത നേതാക്കൾക്കെതിരേ ആരോപണമുണ്ടെങ്കിലും ഒരു ഘട്ടത്തിലെത്തുമ്പോൾ അന്വേഷണം മന്ദഗതിയിലാകുന്നതാണ് പതിവ്.

രാഷ്ട്രീയ എതിരാളികളെ വിരട്ടുകയും വരുതിയിൽ നിറുത്തുകയുമാണ് ഇത്തരം അന്വേഷണങ്ങളുടെ മറുപുറമെന്ന ആരോപണം ശക്തമാണ്. കരുവന്നൂ‌ർ കേസിലെ ഇ.ഡി. അന്വേഷണം മൂന്നുവർഷമായിട്ടും എങ്ങുമെത്താത്തതിനെ ഹൈക്കോടതി കഴിഞ്ഞദിവസം വിമർശിച്ചത് ചേർത്തുവായിക്കേണ്ടതാണ്. കേരളത്തിൽ മാത്രമല്ല, ബി.ജെ.പി. ഇതര സർക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികൾ, പ്രത്യേകിച്ച് ഇ.ഡി, തകർത്തുവാരുകയാണ്. അന്വേഷണങ്ങളുടെ പിന്നാമ്പുറങ്ങളിൽ രാഷ്ട്രീയ അടിയൊഴുക്കുകളും സംഭവിക്കുന്നുണ്ട്.

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി മുന്നറിപ്പില്ലാതെയെത്തിയത് ചർച്ചയാകുന്നത് ഈ സാഹചര്യത്തിലാണ്. കേസുകൾ കോംപ്രമൈസാക്കാൻ ഇടനിലക്കാർ സജീവമാണെന്ന ആരോപണം പ്രതിപക്ഷനേതാവു തന്നെ ഉന്നയിച്ചിരുന്നു. അയോദ്ധ്യാപ്രതിഷ്ഠ കഴിഞ്ഞതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏതു ദിവസവും പ്രഖ്യാപിക്കുമെന്ന സ്ഥിതിയാണ്.

കേന്ദ്ര ഏജൻസികൾ കൊട്ടിക്കയറുന്നത് മടിയിൽ കനമുള്ളവരെ അഴിയ്ക്കുള്ളിലാക്കാനാണോ അതോ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതമനുസരിച്ചാണോ എന്ന് വ്യക്തമാകുന്ന ആഴ്ചകൾകൂടിയാണ് ഇനി കടന്നുവരുന്നത്. ഏതായാലും അന്വേഷണമേളം ഒന്നു കൊഴുത്തിരിക്കുകയാണ്. കൊട്ടിയവസാനിക്കുന്നത് എങ്ങനെയെന്നാണ് കണ്ടറിയേണ്ടത്.

 ഇടതുപക്ഷത്തെ പല ഉന്നതനേതാക്കളും വീണ്ടും കേന്ദ്ര ഏജൻസികളുടെ
സ്കാനറിലാണ്. സമൻസും സത്യവാങ്മൂലങ്ങളുമായി മേളം കൊഴുപ്പിക്കുകയാണ് ഇ.ഡിയും കൂട്ടരും. ആരോപണവിധേയർ കൂട്ടിലാകുമോ അതോ എല്ലാം കെട്ടടങ്ങുമോ എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പ്രസക്തമായ ചോദ്യം.