f

കൊച്ചി: 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയാണ് തിരൂർ സ്വദേശി മുഹമ്മദ് ഫായിസിന്റെ സ്വപ്നം. അതിന് മുന്നോടിയായി 5364 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ 11 തവണ എത്തിക്കഴിഞ്ഞു. അടുത്ത ഉന്നം നേപ്പാളിലെ 6812 മീറ്റർ ഉയരമുള്ള അമാ ദബ്ലം കൊടുമുടിയാണ്. ഏപ്രിലിൽ അമാ ദബ്ലം കയറും. പിന്നെ വൈകാതെ എവറസ്റ്റിലേക്ക്.

2021 ഏപ്രിലിൽ 27ാം വയസിലാണ് ആദ്യമായി ബേസ്‌ക്യാമ്പിൽ എത്തിയത്. മലപ്പുറം സ്വദേശി മുർഷിദിനൊപ്പം. നേപ്പാളിലെ ലുക്ലയിൽ നിന്ന് 120 കിലോമീറ്റർ. 80 കിലോമീറ്റർ കയറ്റവും 40 കിലോമീറ്റർ ഇറക്കവുമാണ്. ഒമ്പതു ദിവസമെടുത്തു. ഇടയ്ക്ക് 5550 മീറ്റർ ഉയരത്തിലുള്ള കാലാ പഥർ കയറി.

കാശ്‌മീരിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയ ഫായിസ് ട്രെക്കിംഗ് ഏജൻസി നടത്തുകയാണ്. എട്ടുവർഷമായി എറണാകുളത്താണ് താമസം. മൊയ്തീൻകുട്ടിയുടെയും സുഹ്‌റയുടെയും മകനാണ്.

30 ലക്ഷം വേണം

ബേസ് ക്യാമ്പിൽ നിന്ന് നാല് ക്യാമ്പുകൾ കടന്നാണ് എവറസ്റ്റ് യാത്ര. കയറി ഇറങ്ങാൻ ശരാശരി 59 ദിവസം വേണം. ഷെർപ്പകളുടെ സഹായവും. 30 ലക്ഷം രൂപയാകും. നേപ്പാളിന്റെ പെർമിറ്റിന് 9 ലക്ഷം ഫീസ്. ഉപകരണങ്ങൾ, ജാക്കറ്റ്, ബൂട്ട് തുടങ്ങിയയ്ക്കും നല്ല ചെലവുണ്ട്. സ്‌പോൺസർഷിപ്പിനു ശ്രമിക്കുന്നു. ബേസ് ക്യാമ്പിലേക്ക് ഏതു പ്രായക്കാർക്കും പോകാം. 75,000 രൂപ ചെലവുണ്ട്.

നിഴലായി അപകടം

പർവതാരോഹണത്തിന് ക്ഷമയും വഴക്കമുള്ള ശരീരവും വേണം. ബേസ് ക്യാമ്പ് യാത്രയ്ക്കു മുമ്പ് ഓട്ടം, പുഷ്അപ്പ്, ശ്വസനക്രിയകൾ തുടങ്ങി രണ്ട്നമാസം പരിശീലനം എവറസ്റ്റ് യാത്രയ്‌ക്ക് രണ്ടു വർഷം പരിശീലനം വേണം. ഐസ് ഹാമർ, ആക്‌സ്, റോപ് ലാഡർ തുടങ്ങിയ ഉപകരണങ്ങൾ വേണം. ഐസ് സ്‌ക്രൂ മഞ്ഞുപാളികളിൽ മുറുക്കി, അതിൽ ചെസ്റ്റ് ഹാർനെസ്, സീറ്റ് ഹാർനെസ് ബെൽറ്റുകളിലെ ഹുക്ക് ബന്ധിപ്പിച്ചാണ് പാറക്കെട്ടുകളിൽ പിടിച്ചുകയറുക. മഞ്ഞുപാളികളിൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശം കാഴ്ചയെ ബാധിക്കാതിരിക്കാൻ പോളറൈസ്ഡ് ഗ്ലാസ് ധരിക്കണം.

അക്യൂട്ട് മൗണ്ടൻ സിക്‌നെസ് (എ.ടി.എസ്) മറ്റൊരു വെല്ലുവിളി. മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. ശരീരവേദന രൂക്ഷമാവും.