വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ മഹോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള യത്നങ്ങളുമായി ക്ഷേത്രം ഭാരവാഹികളുംപഞ്ചായത്ത് അധികൃതരും. പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരും ഈ യത്നത്തിൽ അണിചേരും.
18ന് കൊടിയേറിയ ഉത്സവം 28ന് രാവിലെയാണ് സമാപിക്കുന്നത്. വിശാലമായ ക്ഷേത്രമൈതാനിയിൽ പാഴ് വസ്തുക്കൾ തരംതിരിച്ചെടുക്കുന്നതിന് 15 ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ബിന്നുകൾ ഉടൻ സ്ഥാപിക്കും. ശുചിത്വ, ഹരിത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബാനറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മാലിന്യമുക്ത നവകേരളം ടീമംഗങ്ങളുടെയും സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് ടീമിന്റെയും നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് വിളംബരജാഥയും ഫ്‌ളാഷ് മോബും നടത്തി. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിന് ഹരിതകർമ്മസേന സജീവമായി ഉത്സവമൈതാനത്തും പരിസരത്തുമുണ്ടാകും.
മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ക്ഷേത്രം ഭാരവാഹികൾ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബിന്ദു തങ്കച്ചൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോയ് ജോസഫ്, പരിസ്ഥിതിപ്രവർത്തകൻ എം.കെ. ദേവരാജൻ, അദ്ധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.