വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി തൈപ്പൂയ ദിവസമായ നാളെ വർണശബളമായ കാവടി ഘോഷയാത്രകൾ അണിനിരക്കും. നാളെ പുലർച്ചെ 5ന് നവകലശാഭിഷേകം. 6 മുതൽ തൈപ്പൂയാഭിഷേകം.
എടവനക്കാട് നിന്ന് പുറപ്പെടുന്ന പഴനിയാണ്ടവ കാവടിസംഘത്തിന്റെ കാവടി ഘോഷയാത്ര രാവിലെ 10 മണിയോടെ ക്ഷേത്രത്തിലെത്തും. വൈകിട്ട് 4ന് ചെറായി കോവിലുങ്കൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഗൗരീശ്വരവിലാസം കാവടിസംഘത്തിന്റെ ഘോഷയാത്ര ഡിസ്‌പെൻസറി, ദേവസ്വംനട വഴി ഏഴ് മണിയോടെ ഗൗരീശ്വര ക്ഷേത്രത്തിൽ എത്തിച്ചേരും. പൂക്കാവടി, കൊട്ടക്കാവടി, നിലക്കാവടി, കരകയാട്ടം, ശിങ്കാരിമേളം, തകിൽമേളം, തെയ്യം, അമ്മൻകുടം, തിറയാട്ടം തുടങ്ങിയവ ഘോഷയാത്രയിലുണ്ടാകും.