കൊച്ചി: ചരിത്രപ്രസിദ്ധമായ പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് അടുത്തമാസം 4 മുതൽ 11വരെ പമ്പാതീരത്ത് നടക്കുമെന്ന് ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികൾ അറിയിച്ചു. 112-ാം പരിഷത്ത് ചിന്മയമിഷൻ ആഗോളമേധാവി സ്വാമി സ്വരൂപാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും.

വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുക്കും. പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്ന് പതാകയും പന്മന ആശ്രമത്തിൽനിന്ന് ജ്യോതിപ്രയാണവും എഴുമറ്റൂർ ആശ്രമത്തിൽനിന്ന് ഛായാചിത്രവും ആഘോഷമായി രാവിലെ 11ന് വേദിയിലെത്തിക്കും. സമാപനസമ്മേളം പഞ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.

ഹിന്ദുമത പരിഷത്തിൽ മൂന്നുലക്ഷംപേർ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും പി.എസ്. നായർ പറഞ്ഞു. ശ്രീജിത്ത് അയിരൂർ, കെ.ആർ. വേണുഗോപാൽ, ജി. രാജ്കുമാർ, സി.ജി. രാജഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.