court

കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സ്വത്തുതർക്കത്തിനിടെ സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതി ബാബു കുറ്റക്കാരനാണെന്ന് എറണാകുളം അഡിഷണൽ ജില്ല സെഷൻസ് കോടതി കണ്ടെത്തി. കൊലപാതകമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി കെ.സോമൻ വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നതിനുമുമ്പായി 29ന് പ്രതിയുടെവാദം കോടതി കേൾക്കും.
2018 ഫെബ്രുവരി 11നാണ് എരപ്പക്കര അറയ്ക്കൽ വീട്ടിൽ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ ശിവന്റെ സഹോദരനായ ബാബു കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേല്പിച്ചിരുന്നു. കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.

കൃത്യത്തിനുശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന ബാബു മറ്റൊരു സഹോദരനായ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. സേതുലക്ഷ്മി ജോലി ചെയ്യുന്ന മൂക്കന്നൂരിലെ അക്ഷയ കേന്ദ്രത്തിൽ ഇതിനായി പോയെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചു.