കൊച്ചി: സ്കൂളിലെ കൂപ്പൺ വില്പനയുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് അന്വേഷണം നിഷേധിച്ച പറവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പിന്നാലെ, കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായി മൂത്തകുന്നത്തെ സ്‌കൂളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് കൂപ്പൺ വില്പന നടത്തിയെന്നാരോപിച്ച് മാഞ്ഞാലി സ്വദേശി അമ്പാടി ഗോപാലകൃഷ്ണൻ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്ന് ഗോപാലകൃഷ്ണൻ പറവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും പൊലീസ് അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിലെത്തിയ മജിസ്‌ട്രേറ്റ് കേസ് മാറ്റിവച്ചു.

ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ടു. പല രേഖകളുമുള്ള പരാതിയിൽ, മജിസ്‌ട്രേറ്റ് കോടതി പൊലീസ് അന്വേഷണം വേണ്ടെന്ന നിഗമനത്തിലെത്തിയത് അടിസ്ഥാനമില്ലാതെയാണെന്ന് ജസ്റ്റിസ് സോഫി തോമസ് വിലയിരുത്തി.

ലോട്ടറി നിയന്ത്രണനിയമവും ബാലനീതി നിയമവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.