ആലുവ: കൃഷി വകുപ്പിന്റെ കേരംഗ്രാമ പദ്ധതി ചൂർണിക്കര പഞ്ചായത്തിൽ തുടങ്ങി. പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും കേര സമിതികൾ രൂപികരിക്കും. ചൂർണിക്കരയിൽ ഏകദേശം 30 ഹെക്ടറിൽ പദ്ധതി നടപ്പാക്കും. തെങ്ങിന് തടം തുറക്കൽ, മണ്ട ഒരുക്കൽ, വളം വിതരണം, കേടുവന്ന തെങ്ങ് വെട്ടി മാറ്റി തൈ നടൽ, ഇട വിള കൃഷി വികസനം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കൽ, തെങ്ങ് കയറ്റ പരിശീലനം, യന്ത്രങ്ങളുടെ വിതരണം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. പഞ്ചായത്തുതല ആലോചന യോഗത്തിൽ പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അരുൺ പോൾ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ റൂബി ജിജി, ഷീലാ ജോസ്, അംഗങ്ങളായ പി.എസ്. യൂസഫ്, ലൈല അബ്ദുൾ ഖാദർ, കെ.കെ. ശിവാനന്ദൻ, സുബൈദ യൂസഫ് എന്നിവർ സംസാരിച്ചു.