ആലുവ: തോട്ടുമുഖത്ത് പെരിയാറിൽ നിന്ന് തുരുത്തിത്തോട് ആരംഭിക്കുന്ന ഭാഗത്ത് മഴക്കാലത്ത് ഉണ്ടാകുന്ന ശക്തമായ വെള്ളമൊഴുക്ക് നിയന്ത്രിക്കുന്നതിന് ജലസേചന വകുപ്പ് ഒരുകോടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. സമീപവാസി ഖാലിദ് മുണ്ടപ്പിള്ളി നവ കേരള സദസിൽ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ജലസേചന വിഭാഗം എറണാകുളം മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ പദ്ധതിക്ക് അംഗീകാരം നൽകിയാൽ തുടർനടപടികളുണ്ടാകും. വർഷകാലത്ത് പെരിയാറിലെ ജലനിരപ്പ് ഉയരുമ്പോൾ സമീപപ്രദേശത്തും തെക്കുഭാഗം എടയപ്പുറം വടക്കുഭാഗത്തും ആലുവ ഈസ്റ്റ് തെക്കുഭാഗത്തും തരിശ് കിടക്കുന്ന പാടത്തും തുരുത്തിതോട് വഴി വെള്ളം കയറുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഇതുമൂലം 250 ഓളം കുടുംബങ്ങൾ എല്ലാവർഷവും വീട് വിട്ട് ക്യാമ്പിലേക്ക് മാറേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് പെരിയാറിൽ തോട് ആരംഭിക്കുന്ന ഭാഗത്ത് റെഗുലേറ്റർ കം ഷട്ടർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 250 ഓളം വീട്ടുകാർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് നൽകിയത്.