കർഷകർക്ക് കഷ്ടകാലം
കൊച്ചി: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിലും ഇൻസന്റീവ് ബോണസ് പരിഷ്കരിക്കണമെന്ന ആവശ്യത്തിലും ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. താങ്ങുവില നൽകാൻ പോലും വിഷമിക്കുകയാണെന്ന് സർക്കാരും സപ്ലൈകോയും വ്യക്തമാക്കിയ സാഹചര്യത്തിൽ നെൽക്കൃഷിക്കായി ചോരയും വിയർപ്പുമൊഴുക്കുന്ന കർഷകരെ കാത്തിരിക്കുന്നത് കഷ്ടകാലമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു.
നെല്ലിന്റെ സംഭരണവില നല്കാത്തത് ചൂണ്ടിക്കാട്ടി സർക്കാരിനേയും സപ്ലൈകോയേയും എതിർകക്ഷികളാക്കി കർഷകപ്രതിനിധികളാണ് കോടതിയെ സമീപിച്ചത്. നാണ്യപ്പെരുപ്പത്തിന് അനുസൃതമായി ഇൻസന്റീവ് പുതുക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷക ആവശ്യപ്പെട്ടപ്പോഴാണ് താങ്ങുവില നല്കാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് സർക്കാർ അറിയിച്ചത്. താങ്ങുവില നല്കുന്നതിനാണ് മുൻഗണന വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നിലപാടറിയിക്കാൻ സർക്കാരിന് രണ്ടാഴ്ച അനുവദിച്ച കോടതി ഫെബ്രുവരി അഞ്ചിലേക്ക് ഹർജികൾ മാറ്റി.