മൂവാറ്റുപുഴ: വേനൽ കനത്തിട്ടും ഏത്തപ്പഴത്തിന് വില വർദ്ധിക്കാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. രണ്ടര, മൂന്ന് കിലോ ഏത്തപ്പഴം നൂറുരൂപയ്ക്കാണ് വഴിയോര കച്ചവടക്കാർ വിറ്റഴിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് വാഴക്കൃഷി ഏറെയുള്ളത്. മൂവാറ്റുപുഴ, കോതമംഗലം , പിറവം, കുന്നത്തുനാട്, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ പരമ്പരാഗതമായി വാഴക്കൃഷി ജീവിതമാർഗമാക്കിയ വലിയൊരു വിഭാഗമുണ്ട്. ഇതോടൊപ്പം കുടുംബശ്രീ, കർഷകസംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വ്യാപകമായി വാഴക്കൃഷി നടത്തുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് വായ്പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് പലരും കൃഷിയിറക്കിയത്. മാറിമറിയുന്ന കാലാവസ്ഥയും കടുത്ത വേനലും കാരണം കൃഷിക്ക് തിരിച്ചടി നേരിടുന്ന സമയത്ത് നല്ല വില ലഭിക്കാത്തത് കർഷകർക്ക് സാമ്പത്തികനഷ്ടം വരുത്തുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വേനൽസമയത്ത് ഏത്തപ്പഴത്തിന് നല്ല വില ലഭിച്ചിരുന്നു. എന്നാൽ ഉത്പാദന ചെലവ് അടക്കം വർദ്ധിച്ച സമയത്തുണ്ടായ വിലയിടിവ് കർഷകരുടെ പ്രതീക്ഷ തകർക്കുകയാണ്. ഏത്തകായ്ക്ക് സർക്കാർ 30രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ വിപണിയിൽ 20രൂപമുതൽ 26രൂപവരെയാണ് കിലോയ്ക്ക് ലഭിക്കുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് ഹോർട്ടികോർപ്പ് അടക്കമുള്ളവ ഏത്തക്കായ സംഭരിക്കുകയാണെങ്കിൽ വിപണിയിൽ വിലവർദ്ധിക്കുമെന്നാണ് കർഷകനായ ഷാജറുദ്ദീൻ പറയുന്നത്.