
തൃപ്പൂണിത്തുറ: നഗരത്തിലെ പല ഭാഗങ്ങളിലും സോഡിയം വേപ്പർ ലാമ്പുകൾ കത്താതെ ഇരുട്ടിലായതോടെ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് നഗരസഭാ കൗൺസിലിൽ ആവശ്യം. പ്രധാന റോഡുകളിൽ 34 ഓളം സോഡിയം ലൈറ്റുകളാണ് തെളിയാതെ കിടക്കുന്നത്. നഗരസഭാ തെക്കുംഭാഗത്ത് വൈക്കം റോഡ് തറമേക്കാവ് ജംഗ്ഷൻ, പുതിയകാവ് - മാർക്കറ്റ് റോഡിൽ പാട്ടുപുരയ്ക്കൽ ജംഗ്ഷൻ, വാലുമ്മേൽ ജംഗ്ഷൻ, ശ്മശാനം-ഗാന്ധിപുരം ജംഗ്ഷൻ എന്നിവിടങ്ങൾ പൂർണമായും ഇരുട്ടിലാണ്.
2023 ൽ കൗൺസിൽ പാസാക്കിയ പ്രൊജക്ടിൽ നഗരസഭാ പ്രദേശത്ത് സോഡിയം വേപ്പർ ലാമ്പിന് പകരം 25 വാട്ട്സ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനും ജംഗ്ഷനുകളിൽ 75, 125 വാട്ട്സ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനമായിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കത്തത് ചെയർപേഴ്സന്റെ ഉത്തരവാദിത്വക്കുറവും അനാസ്ഥയുമാണെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർ ഡി. അർജുനൻ ആരോപിച്ചു.
നഗരസഭാ പ്രദേശങ്ങളിൽ കേടായ സോഡിയം ലാമ്പുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.വി. സാജു, പി.ബി. സതീശൻ, ജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.