മൂവാറ്റുപുഴ: ഇടത് പിന്തുണയോടെ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത പി.എം. അസീസിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോൺഗ്രസിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കി. അതേസമയം വോട്ട് അസാധുവാക്കിയ മറ്റൊരു കോൺഗ്രസ് അംഗമായ നിസ മൈതീനെ പുറത്താക്കാത്തത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.

പായിപ്ര പഞ്ചായത്തിൽ കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യു.ഡി.എഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ മാത്യൂസ് വർക്കി രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പായിപ്ര പഞ്ചായത്തിൽ ധാരണപ്രകാരം കോൺഗ്രസിന് മൂന്നുവർഷവും ശേഷിക്കുന്ന രണ്ടുവർഷം മുസ്ലീംലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം.

മുസ്ലീംലീഗിന് ലഭിക്കേണ്ട പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം നഷ്ടമായതോടെ പായിപ്രയിൽ കോൺഗ്രസ് - ലീഗ് പോര് കനത്തു. തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീംലീഗ് പ്രവർത്തകർ പായിപ്ര കവലയിലും പെരുമറ്റത്തും പ്രതിഷേധ പ്രകടനങ്ങളും കോലംകത്തിക്കലും നടത്തി. സോഷ്യൽ മീഡിയയിലും ഇരുവിഭാഗവും ഏറ്റുമുട്ടുകയാണ്. ലീഗിന് ഭരണം നഷ്ടമായത് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണെന്നാണ് ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ മുസ്ലീലീഗിലെ വിഭാഗീയതയാണ് ഭരണം നഷ്ടപ്പെടാൻ കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനിടെ അന്തച്ഛിദ്രം മുതലെടുത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പിടിച്ചെടുക്കുവാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി ക്യാമ്പ്.