
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കും രാഷ്ട്രീയ നേതാക്കൾക്കും സ്വകാര്യ കമ്പനി നിയമവിരുദ്ധമായി പണം നല്കിയെന്ന പരാതിയിൽ പ്രത്യേക ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഇടപെടുമോയെന്ന് അറിയിക്കാൻ കേന്ദ്രസർക്കാർ സമയം തേടി. കമ്പനി നിയമപ്രകാരം കോർപ്പറേറ്റ്കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ഇത് തടസമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി ഉത്തരവനുസരിച്ചല്ല കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വാദങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കോടതിയുടെ തുടർ ഉത്തരവുകളെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. ഹർജി ഫെബ്രുവരി 12ന് പരിഗണിക്കാൻ മാറ്റി.