fire
എടത്തലയിൽ പ്ളാസ്റ്റിക് ഗോഡൗണുകളിലുണ്ടായ അഗ്നിബാധ

ആലുവ: എടത്തല അൽഅമീൻ കോളേജിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എടത്തല ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രവും പി.പി.ഇ കിറ്റ് സൂക്ഷിച്ചിരുന്ന മറ്റൊരു ഗോഡൗണും അഗ്നിക്കിരയായി. ആലുവ, അങ്കമാലി, പെരുമ്പാവൂർ, തൃക്കാക്കര, ഏലൂർ, ഗാന്ധിനഗർ അഗ്നിശമനസേനാ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. എടത്തല സ്വദേശി അബ്ദുൾ റഹ്മാന്റെ കെട്ടിടത്തിൽ 3000 ചതുരശ്ര അടിയിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രവും 1000 ചതുരശ്ര അടിയിൽ പി.പി.ഇ കിറ്റ് സൂക്ഷിക്കുന്ന ഗോഡൗണുമായിരുന്നു. പ്ളാസ്റ്റിക്ക് നീക്കുന്നതിന് കരാർ എടുത്തിരുന്നത് ഇടപ്പള്ളി സ്വദേശി നിയാസും പി.പി.ഇ കിറ്റുകൾ സൂക്ഷിച്ചിരുന്നത് എടത്തല സ്വദേശി സിദ്ദിഖുമാണ്. സിദ്ദിഖിന് പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. തിങ്കളാഴ്ച ഇറക്കിയ നാല് ടൺ പി.പി.ഇ കിറ്റ് ഉൾപ്പെടെ എട്ട് ടൺ പി.പി.ഇ കിറ്റുകൾ നശിച്ചു. ഇന്നലെ ഇവിടെ ജോലിയിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളുടെ മൊബൈൽഫോണുകളും പണമടങ്ങിയ പഴ്‌സുമെല്ലാം അഗ്നിക്കിരയായി.

പ്ളാസ്റ്റിക്മാലിന്യ ഗോഡൗൺ പൂർണമായി കത്തിയെങ്കിലും കാര്യമായ നഷ്ടമില്ല. നശിപ്പിക്കാനുള്ള പ്ലാസ്റ്റിക്കുകളാണ് കത്തിയത്. അടഞ്ഞുകിടക്കുന്ന ഗോഡൗണിന്റെ അകത്തും പുറത്തും പ്ലാസ്റ്റിക് മാലിന്യമുണ്ടായിരുന്നു. പ്ളാസ്റ്റിക്മാലിന്യം സൂക്ഷിച്ച ഗോഡൗണിൽ നിന്നാണ് തീപടർന്നത്. സമീപം 40,000 ചതുരശ്രഅടിയുള്ള തേയില ഗോഡൗൺ ഉണ്ടായിരുന്നെങ്കിലും അഗ്നിശമനസേനയുടെ ഇടപെടലിനെത്തുടർന്ന് തീ പടർന്നില്ല.

പഞ്ചായത്തിൽനിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗോഡൗണിൽ എത്തിക്കും. ഇവിടെനിന്ന് വേർതിരിച്ച് നീക്കുന്നതിന് നിയാസാണ് കരാർ എടുത്തിട്ടുള്ളത്. സംസ്‌കരിച്ച് ഉപയോഗിക്കാൻ കഴിയുന്നവ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കമ്പനികൾക്ക് വില്ക്കും. മറ്റുള്ളവ തമിഴ്‌നാട്ടിലെ ചില ഏജന്റുമാരുമായി ബന്ധപ്പെട്ട് ഒഴിവാക്കും.

അട്ടിമറിയെന്ന് സംശയം?

പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിന് തീയിട്ടതാണോയെന്ന സംശയം ഉയരുന്നുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ പറയുന്നത്. എന്നാൽ അഗ്നിശമനസേനയും ഇത് സ്ഥിരീകരിച്ചിട്ടില്ല.