1

പള്ളുരുത്തി: വെങ്കിടാചലപതി ക്ഷേത്രത്തിന്റെ ഗോപുരവും വഴിയിലെ തടസവും പൊളിച്ചു മാറ്റാൻ ജെ.സി.ബിയുമായി എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൊലീസുകാരും ഭക്തജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മടങ്ങി. സ്വകാര്യ വ്യക്തി കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥരെത്തി. എന്നാൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ഭക്തർ ഗോപുര നടയുടെ മുന്നിൽ കൂട്ടപ്രാർത്ഥന നടത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഫോർട്ട് കൊച്ചി ആർ.ഡി.ഒ സ്ഥലത്ത് എത്തണമെന്ന് ഭക്തർ വാശി പിടിച്ചെങ്കിലും കളക്ടറുമായി ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനാൽ ആർ.ഡി.ഒക്ക് പകരം തഹസിൽദാരാണ് സംഭവ സ്ഥലത്തെത്തിയത്. തത്കാലം നടപടികൾ നിറുത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് നിക്കി. ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെ സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിനായി നടപടികൾ തത്കാലത്തേക്ക് നിറുത്തിവച്ചു. എന്നാൽ ക്ഷേത്രത്തിലേക്കുള്ള വഴി പൊതുവഴിയല്ലെന്നും സമീപവാസികൾക്ക് നടപ്പവകാശം മാത്രമേയുള്ളൂ എന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്.

ഈ സ്ഥലത്തു കൂടി സ്വകാര്യ വ്യക്തികൾക്ക് കാറ് കയറ്റുന്നതിനുവേണ്ടിയാണ് കോടതിയെ സമീപിച്ചത്. ആധാരത്തിൽ ക്ഷേത്രത്തിലേക്ക് പോകാൻ മാത്രമേ വഴി നൽകിയിട്ടുള്ളൂവെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. സംഭവം അറിഞ്ഞ് നിരവധി ഭക്തരാണ് മൈതാനത്ത് എത്തിയത്. നിരവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരും സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.