
* നവജാതശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക്
കുറയ്ക്കുന്നത് ഉൾപ്പെടെ ചർച്ചയാകും
കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) 61-ാം ദേശീയ സമ്മേളനം ' പെഡിക്കോൺ 2024' ഇന്നുമുതൽ 28വരെ എറണാകുളം ഗ്രാൻഡ് ഹയാത്തിൽ 11 വേദികളിലായി നടക്കും. ആഗോളതാപനവും കുട്ടികളുടെ ആരോഗ്യവും എന്ന പ്രമേയത്തിലാണ് സമ്മേളനം. രാവിലെ എട്ടിന് സെമിനാർ. വൈകിട്ട് ആറിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.എ.പി കേരള, കൊച്ചി ചാപ്റ്ററുകൾ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഏഴായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നടക്കം 1,200ലേറെ ആരോഗ്യവിദഗ്ദ്ധർ സംബന്ധിക്കും. പ്രത്യേകആപ്പും തയ്യാറാക്കിയിട്ടുണ്ട്. വാഹന പാർക്കിംഗ്, വേദികൾ, സെമിനാർ വിഷയങ്ങൾ, ഫാക്കൽറ്റികൾ ഉൾപ്പെടെ സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കും.
ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി. ബസവരാജ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, ജനറൽ സെക്രട്ടറി ഡോ. യോഗേഷ് പാരിഖ്, ട്രഷറർ അഥനുബദ്ര, പ്രസിഡന്റ് ഇലക്ട് ഡോ. വസന്ത് ഖലേത്കർ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ.എം. നാരായണൻ, ട്രഷറർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.