s

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് രജിസ്ട്രാർ നല്കിയ പട്ടിക അവഗണിച്ച് ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം ചെയ്ത വിദ്യാർത്ഥി പ്രതിനിധികൾക്ക് യോഗ്യതയില്ലെന്ന് സർവകലാശാലയുടെ സത്യവാങ്മൂലം. സർവകലാശാലയുടെ പട്ടികയിൽ റാങ്ക് ജേതാക്കളെയും കലാകായിക പ്രതിഭകളെയും ഉൾപ്പെടുത്തിയപ്പോൾ ഇതൊന്നുമില്ലാത്തവരെയാണ് ചാൻസലർ നിർദ്ദേശിച്ചതെന്ന് രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

എ.ബി.വി.പി പ്രവ‌ർത്തകരായ എസ്.എൽ. ധ്രുവിൻ (സയൻസ്), മാളവിക ഉദയൻ (ഫൈൻ ആർട്സ്), അഭിഷേക് ഡി. നായർ (ഹ്യുമാനിറ്റീസ്), സുധി സുധൻ (സ്പോർട്സ്) എന്നിവരെയാണ് ചാൻസലർ നാമനിർദ്ദേശം ചെയ്തത്. ഇതിനെതിരെ സർവകലാശാലയുടെ പട്ടികയിലുള്ള നാല് വിദ്യാർത്ഥികൾ നല്കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടർനടപടികൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ബി.എ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ അരുണിമ അശോക്, യൂണിവേഴ്സിറ്റി കലാപ്രതിഭയായ നന്ദകിഷോർ, വടംവലി മത്സരത്തിൽ അഖിലേന്ത്യാതലത്തിൽ വെങ്കലം നേടിയ പി.എസ്. അവന്ത് സെൻ, ബി.എസ്‌സി ഒന്നാം റാങ്ക് നേടിയ ടി.എസ്. കാവ്യ എന്നിവരെ ഉൾപ്പെടുത്തിയാണ് സർവകലാശാലയുടെ പട്ടിക.

മാളവിക ഉദയന്റെ യോഗ്യത യുവജനോത്സവത്തിൽ കേരളനടനം, മൈം, വഞ്ചിപ്പാട്ട് എന്നിവയിൽ പങ്കടുത്തുവെന്നതാണ്. ബെസ്റ്റ് ഫിസിക് മത്സരത്തിൽ പങ്കെടുത്തുവെന്നതാണ് സുധി സുധന്റെ യോഗ്യത. ചാൻസലറുടെ പട്ടികയിൽ ഉൾപ്പെട്ട അഭിഷേക് ഡി. നായർ രണ്ടു സെമസ്റ്റർ പരീക്ഷയും പാസായത് ഡി ഗ്രേഡിലാണ്. എസ്.എൽ. ധ്രുവിന് ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് സി ഗ്രേഡാണുള്ളതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ഡയറക്ടർ ഒഫ് സ്റ്റുഡന്റ് സർവീസ്, വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജ് മേധാവികൾ എന്നിവരുടെ റിപ്പോർട്ടുകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.