പെരുമ്പാവൂർ: മധുരമൂറുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ശതാഭിഷേകത്തിന്റെ നിറവിൽ. ജനുവരി അഞ്ചിന് എൺപത് വയസ് പൂർത്തിയാക്കിയ അദ്ദേഹത്തിന് ശിഷ്യരായ പിന്നണിഗായകർ ചേർന്ന് തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ ഗുരുവന്ദനം ഒരുക്കിയപ്പോൾ ജന്മനാടായ പെരുമ്പാവൂർ ആ പ്രതിഭയെ വിസ്മരിച്ചു.

സ്വദേശമായ പെരുമ്പാവൂരിൽ ആഘോഷം സംഘടിപ്പിക്കാത്തതിൽ രവീന്ദ്രനാഥിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഇഷ്ടപ്പെടുന്നവർക്കുള്ള പരിഭവം ചെറുതല്ല.

പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനോടൊപ്പം സിനിമ-സംഗീത രംഗങ്ങളിൽ പ്രവർത്തിച്ച പിന്നണി ഗായകർ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ, ഗാനരചയിതാക്കൾ, സംഗീത സംവിധായകർ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് 'സമം' അസോസിയേഷൻ തിരുവനന്തപുരത്ത് ഗുരുവന്ദനം ഒരുക്കിയത്. ശാസ്ത്രീയ സം​ഗീതത്തിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിൽക്കുന്ന ലളിതമധുരമായ ഗാനങ്ങളായിരുന്നു പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ആസ്വാദകർക്ക് സമ്മാനിച്ചത്. മലയാളികൾക്ക് എന്നും മൂളിനടക്കാവുന്ന 'മെലഡികൾ' സൃഷ്ടിച്ച രവീന്ദ്രനാഥിന്റെ ശതാഭിഷേകം ആദ്യം ആഘോഷമാക്കേണ്ടിയിരുന്നത് പെരുമ്പാവൂരിലെ സഹൃദയരായിരുന്നുവെന്ന് ഗായികയും അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യയുമായ യമുന ഗണേഷ് പറഞ്ഞു. പെരുമ്പാവൂർ കടുവാളിലെ ശാസ്തമംഗലം തറവാടിന്റെ തൊട്ടടുത്ത വീട്ടിലെ കുട്ടിയായിരുന്ന യമുനയിലെ ഗായികയെ കണ്ടെത്തി പരിപോഷിപ്പിച്ച് രവീന്ദ്രനാഥ് ആയിരുന്നു.

പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവക്കച്ചേരികളിലൂടെയായിരുന്നു രവീന്ദ്രനാഥ് സംഗീതരംഗത്തേക്ക് ചുവടുവച്ചത്. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണഭൂതൻ പെരുമ്പാവൂർ അയ്യനാണെന്ന് രവീന്ദ്രനാഥ് ഒരിക്കൽ പറഞ്ഞിരുന്നു. കുറച്ചുവർഷങ്ങൾക്കു മുമ്പ് പെരുമ്പാവൂർ ക്ഷേത്രോപദേശക സമിതിക്കുവേണ്ടി തങ്കൻ തിരുവട്ടാറിനെക്കൊണ്ട് പാട്ടുകളെഴുതിച്ച് 'പെരുമ്പാവൂർ ശാസ്താ സ്തുതിഗീതങ്ങൾ - ശ്രീശാസ്താ ദർശനം' എന്ന പേരിൽ ഒരു ഭക്തിഗാന ആൽബം നിർമ്മിച്ചു നൽകിയിരുന്നു. ആകാശവാണിയിലെ ജോലിയിൽ നിന്ന് വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുന്നത് തിരുവനന്തപുരത്താണെങ്കിലും വർഷത്തിലൊരിക്കൽ പെരുമ്പാവൂർ ശാസ്താക്ഷേത്രത്തിലും അയ്മുറി ശിവക്ഷേത്രത്തിലും തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലും ഭാര്യാസമേതം വന്നു തൊഴുന്നത് രവീന്ദ്രനാഥ് മുടക്കാറില്ല. സ്വന്തം നാടിനോട് അത്രയേറെ ആത്മബന്ധം ഇന്നും മനസിൽ സൂക്ഷിക്കുകയാണ് അദ്ദേഹം. പെരുമ്പാവൂരിന്റെ
സാംസ്‌കാരിക ഔന്നത്യം വിളിച്ചോതുന്ന കലാ, സംസ്കാരിക പരിപാടി സംഘടിപ്പിച്ച് രവീന്ദ്രനാഥിനെ ആദരിക്കണമെന്നാണ് സഹൃദയരായ കലാസ്വാദകരുടെ ആവശ്യം.