maharajas

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളേജ് കനത്ത പൊലീസ് സാന്നിദ്ധ്യത്തിൽ വീണ്ടും തുറന്നു. ഇന്നലെ രാവിലെ ക്യാമ്പസിന്റെ രണ്ട് ഗേറ്റിലുമായി പൊലീസ് കാവൽനിന്നു. കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ഏഴ് ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിച്ചത്. ഹാജർ കുറവായിരുന്നു. ജില്ലയ്ക്ക് പുറമേ നിന്നുള്ള ഭൂരിഭാഗം വിദ്യാർത്ഥികളും മടങ്ങിയെത്തിയിട്ടില്ല.

പുതിയ പ്രിൻസിപ്പൽ ഡോ. ഷജില ബീവിയുടെ നേതൃത്വത്തിൽ കോളേജിനുള്ളിൽ ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.

വൈകിട്ട് ആറോടെ മുഴുവൻ വിദ്യാർത്ഥികളെയും കോളേജിനുള്ളിൽ നിന്ന് പുറത്തിറക്കി ഗേറ്റുകൾ അടച്ച ശേഷമാണ് അദ്ധ്യാപകർ മടങ്ങിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

ഹോസ്റ്റലും തുറന്നു.

കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിയന്ത്രണങ്ങളോടെ ക്യാമ്പസ് തുറക്കാൻ തീരുമാനിച്ചത്. സംഘർഷങ്ങളുടെ പേരിലെടുത്ത പത്തോളം കേസുകളിൽ സെൻട്രൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ 17ന് രാത്രിയായിരുന്നു സംഘർഷം. എം.ജി യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ പങ്കെടുക്കുന്ന കോളജ് ടീമിന്റെ പരിശീലനത്തിന് എത്തിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറിനെ കെ.എസ്.യു- ഫ്രറ്റേണിറ്റി സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജിന് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.