
കൊച്ചി: ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ടൈം കോഡ് സ്‌ളേറ്റ് മലയാള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും. ഷൂട്ടിംഗിന്റെ ഓരോ ഫ്രെയിമും കൈകൊണ്ട് എഴുതുന്ന സാധാരണ സ്ലേറ്റ് ബോർഡുകളാണ് ഡിജിറ്റൽ സ്ലേറ്റുകൾക്ക് വഴിമാറുന്നത്.
ബ്ലൂടൂത്ത് വഴി ക്യാമറകളെ വയറുകളില്ലാതെ ബന്ധിപ്പിച്ചാണ് ഇവ പ്രവർത്തിപ്പിക്കുക. ശബ്ദം, ക്യാമറകൾ, പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ, സംവിധായകൻ എന്നീ ഘടകങ്ങളെ ഇത് സമന്വയിപ്പിക്കും. സാമ്പത്തികലാഭം, കൃത്യത, സമയലാഭം തുടങ്ങിയവയാണ് ഗുണങ്ങൾ. മലയാള സിനിമയിൽ ഉപകരണം പരിചയപ്പെടുത്തുന്നതും ഉപയോഗിക്കാൻ പരിശീലനം നൽകുന്നതും കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളാണ്.
എറണാകുളം ഷേണായീസ് തിയേറ്ററിൽ സിനിമാ അവാർഡ് ജേതാക്കളായ വിൻസി അലോഷ്യസും അജയൻ അടാട്ടും ചേർന്ന് ഡിജിറ്റൽ ടൈം കോഡ് സ്ലേറ്റ് അവതരിപ്പിച്ചു. ഫെഫ്‌ക ഭാരവാഹികളായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, നിയോ ഫിലിം സ്‌കൂൾ സ്ഥാപകനും ചെയർമാനുമായ ഡോ. ജെയിൻ ജോസഫ്, ഡയറക്ടർ ലിയോ തദേവൂസ് എന്നിവർ പങ്കെടുത്തു.