ആലുവ: ദേശീയപാതയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലം, മംഗലപ്പുഴ പാലം, മാർക്കറ്റ് മേൽപ്പാലം എന്നിവ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഇതോടെ ആലുവയിൽ ദേശീയപാതയിലെ കുരുക്ക് ഇരട്ടിയാകുമെന്ന് ഉറപ്പായി.

മാർക്കറ്റ് മേൽപ്പാലത്തിന്റെയും മംഗലപ്പുഴ പാലത്തിന്റെയും നവീകരണത്തിന് 20 ദിവസം വീതം വേണമെന്നാണ് എൻ.എച്ച് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. മാർക്കറ്റ് മേൽപ്പാലം മൂന്നോ നാലോ ദിവസത്തിനകം അറ്റകുറ്റപ്പണി തീർക്കാം. മാർത്താണ്ഡവർമ്മ പാലത്തിന്റെയും മംഗലപ്പുഴ പാലത്തിന്റെയും മേൽഭാഗം പൂർണമായി നീക്കി പുതിയ കോൺക്രീറ്റ് നടത്തും. ആർച്ച് ഭാഗത്ത് കോൺക്രീറ്റ് അടർന്നുപോയത് പൂർണമായി നീക്കിയശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യണം. ഈ സമയം ഗതാഗതം ഒരു വരിയാക്കേണ്ടിവരുന്നതാണ് കുരുക്ക് ഇരട്ടിയാക്കുന്നത്.

മംഗലപ്പുഴ പാലത്തിൽ ഒരു വരിയാക്കിയാലും വലിയ പ്രശ്നം ഉണ്ടാകില്ല. സാധാരണ ദിവസങ്ങളിൽ പോലും മാർത്താണ്ഡവർമ്മ പാലത്തിൽ ഗതാഗതകുരുക്കാണ്. ഒരു വരികൂടി ആക്കിയാൽ ഗതാഗതം താറുമാറാകും. വിമാനത്താവളത്തിലേക്ക് പോകുന്നവരെയും ഇതു പ്രതികൂലമായി ബാധിക്കും. നാല് മാസം മുമ്പ് അറ്റകുറ്റപ്പണിക്കായി പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് അനുമതി തേടി ദേശീയപാതാ അധികൃതർ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതാണെങ്കിലും ഇന്നലെയാണ് ഇതു സംബന്ധിച്ച ഏകദേശ ധാരണയായത്. നിയന്ത്രണം ഏർപ്പെടുത്തേണ്ട തീയതികളും മറ്റും എൻ.എച്ച് അധികൃതർ പിന്നീട് പ്രഖ്യാപിക്കും.

ആലുവ പാലസിൽ നടന്ന യോഗത്തിൽ ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, ഡെപ്യൂട്ടി കളക്ടർ, എൻ.എച്ച്. പ്രൊജക്ട് ഡയറക്ടർ അൻസിൽ, ഡി.വൈ.എസ്.പി എ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.