bund

കൊച്ചി: വടുതലയിലെ ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സർക്കാർ വീണ്ടും ഇടപെടുന്നു. നവകേരള സദസിൽ സമർപ്പിക്കപ്പെട്ട പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും.

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടാകുമെന്നും ഉന്നത അധികാരികൾ കേരളകൗമുദിയോട് പറഞ്ഞു.

സോഷ്യൽ വെൽഫെയർ ആക്‌ഷൻ അലയൻസ് സൊസൈറ്റി യാണ് (സ്വാസ്) നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.

പരാതി നല്കി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് ഓവർസീയർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.


കോടതിയിൽ...
ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്മേൽ സർക്കാർ നടപടിയിലെ പിഴവ് ചോദ്യം ചെയ്ത് കൊച്ചി തുറമുഖ അതോറിട്ടി സമർപ്പിച്ച കേസിലാണ് ഇനി തീർപ്പ് വരാനുള്ളത്. അതിന് കോടതി മുമ്പാകെ സർക്കാർ പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കണമെന്നാണ് സ്വാസിന്റെ ആവശ്യം.


വടുതല ബണ്ട്
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ 2009- 10കാലത്ത് റെയിൽവേ മേല്പാലം നിർമ്മിക്കുന്നതിനാണ് വടുതല ബണ്ട് നിർമ്മിച്ചത്. പണി തീർന്നെങ്കിലും പൊളിക്കാത്ത ബണ്ട് 2018ലെ പ്രളയകാലത്ത് എറണാകുളത്തുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് ജലസേന വകുപ്പ്, കേരി (കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.

25ലക്ഷം ഘനമീറ്റർ മണ്ണും ചെളിയും നിറഞ്ഞതിനാൽ വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള 20ൽ 18 തൂണുകളുടെ ഇടയിലൂടെയും ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ 13ൽ 10 തൂണുകൾക്കിടയിലൂടെയും മത്സ്യബന്ധന യാനങ്ങൾക്ക് പോകാനാവില്ല എന്നതാണ് നിലവിലെസ്ഥിതി.