
കൊച്ചി: 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്ന കേസിലെ പ്രതികളായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി മൾട്ടി ലവൽ മാർക്കറ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സി.ഇ.ഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവർ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ഹർജി നൽകിയത്.
ചൊവ്വാഴ്ച തൃശൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡിനെത്തിയ ഇ.ഡി. സംഘത്തെ വെട്ടിച്ചുകടന്ന പ്രതികൾ ഒളിവിലാണ്. തട്ടിയെടുത്ത പണത്തിൽ 100 കോടി ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഹർജി കോടതി അടുത്ത ദിവസം പരിഗണിക്കും.