
പള്ളുരുത്തി: കോൺഗ്രസ് ഭരിക്കുന്ന കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം ടേമിലേക്കുള്ള തിരഞ്ഞെടുപ്പിൽ സൂസൻ ജോസഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സൂസൻ ജോസഫിന് 11 വോട്ടും എൽ.ഡി.എഫിലെ ശ്രീമതി അജയന് 6 വോട്ടുമാണ് ലഭിച്ചത്. മട്ടാഞ്ചേരി എ.ഇ.ഒയായിരുന്നു റിട്ടേണിംഗ് ഓഫീസർ. വൈസ് പി.എ. സഗീറിന്റെ അദ്ധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ലീജാ തോമസ് ബാബുവായിരുന്നു ആദ്യ ടേമിൽ പ്രസിഡന്റ്. പാർട്ടി നേതൃത്വത്തിന്റെ ധാരണ പ്രകാരം ലീജ ഡിസംബർ 30 ന് രാജിവച്ചു. താത്കാലിക പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് പി.എ. സഗീറിന് കൈമാറി.
കഴിഞ്ഞ ദിവസം കൂടിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സൂസൻ ജോസഫിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരുന്നു. അംഗങ്ങൾക്ക് വിപ്പും നല്കി. സൂസന്റെ വിജയ പ്രഖ്യാപനത്തിനു ശേഷം വാദ്യമേ ളങ്ങളുടെ അകമ്പടിയോടെ ഇല്ലിക്കൽ കവലവരേയും വടക്കോട്ടും ആഹ്ലാദപ്രകടനവും നടന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ടോണി ചമ്മിണി , ബ്ലോക് പ്രസിഡന്റ് പി.പി. ജേക്കബ് , ഡി.സി.സി. സെക്രട്ടറിമാരായ എം..പി. ശിവദത്തൻ, ദിലീപ് കുഞ്ഞുകുട്ടി , ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, വൈസ് പ്രസിഡന്റ് പി.എ. സഗീർ തുടങ്ങിയവർ പങ്കെടുത്തു.