
കൊച്ചി: കിഫ്ബി മസാലബോണ്ട് പുറത്തിറക്കിയതിൽ മുൻധനമന്ത്രി ഡോ. തോമസ് ഐസക്കിന് മുഖ്യപങ്കുണ്ടെന്നും അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തോമസ് ഐസക്കിന്റെ ഉത്തരവാദിത്വം കിഫ്ബി യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാണെന്നും ഇ.ഡി പറഞ്ഞു.
ധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ എക്സ് ഒഫീഷ്യോ അംഗം മാത്രമായിരുന്നു താനെന്നും തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് യോഗങ്ങളാണെന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം ഇ.ഡിയെ അറിയിച്ചിരുന്നു. ഈ വാദമാണ് ഇ.ഡി തള്ളുന്നത്.
2019 ജനുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലെ മസാല ബോണ്ട് ചർച്ചയിൽ തോമസ് നിർണായക ഇടപെടൽ നടത്തിയെന്ന് മിനിറ്റ്സിൽ വ്യക്തമാണെന്ന് ഇ.ഡി പറയുന്നു.
ചർച്ചയുടെ അവസാനം സംസാരിച്ച തോമസ് ഐസക്ക്, അന്താരാഷ്ട്ര വിപണിയിലേക്ക് തുറന്നുകിട്ടുന്ന പുതിയ സാദ്ധ്യതകൾ കിഫ്ബി വിനിയോഗിക്കണമെന്ന് നിർദ്ദേശിച്ചു. പലിശ കൂടുതലാണെങ്കിലും കിഫ്ബിയുടെ ദീർഘകാല ലക്ഷ്യത്തിന് അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കേണ്ടത് പ്രധാനമാണെന്നും നിർദ്ദേശിച്ചു.
തുടർന്നാണ് അന്നത്തെ വിപണിനിരക്കിൽ മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ സി.ഇ.ഒയെ ബോർഡ് യോഗം ചുമതലപ്പെടുത്തിയതെന്ന് മിനിറ്റ്സിൽ പറയുന്നു. ബോണ്ട് പുറപ്പെടുവിച്ചതിൽ തോമസ് ഐസക്കിന്റെ സുപ്രധാന പങ്കിന് തെളിവാണിതെന്ന് ഇ.ഡി പറയുന്നു.
ബോർഡിൽ പ്രധാന നിർദ്ദേശങ്ങൾ നൽകിയ തോമസ് ഐസക്കിന്റെ വാദം സ്വീകരിക്കാനാവില്ലെന്നാണ് ഇ.ഡി നിലപാട്. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ച് മസാല ബോണ്ട് വഴി ലഭിച്ച തുക ചെലവഴിച്ചത് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം.