 
തോപ്പുംപടി: എറണാകുളം കെ.എസ്.ആർ.ടി.സിയിലെ മികച്ച ഡ്രൈവറായി തിരഞ്ഞെടുക്കപ്പെട്ട ഷാജി ജോസഫിനെ എറണാകുളം ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സർവീസ് കാലയളവിൽ ഒരപകടവും വരുത്താതെയുള്ള ഡ്രൈവിംഗ്, മികവുറ്റ ഡ്രൈവിംഗിലൂടെ വാഹനത്തിന് ലഭ്യമാക്കിയ മികച്ച ഇന്ധനക്ഷമത, യാത്രക്കാരുടെ സുരക്ഷ, സംത്യപ്തി, സൗമ്യമായ പെരുമാറ്റം, പൊതുജനങ്ങളെ കെ. എസ് ആർ.ടി.സി.യുമായി അടുപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പ്രത്യേക പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് കേരളത്തിലാദ്യമായി ഏർപ്പെടുത്തിയ അവാർഡിന് ഷാജിയെ പരിഗണിച്ചത്.
16 വർഷം നീണ്ട സർവീസ് കാലയളവിൽ ഒരു ദിവസം പോലും ഡ്യൂട്ടി ഒഴിവാക്കി അവധി എടുത്തിട്ടില്ല. ഒരപകടവും വരുത്തിയിട്ടില്ല. ഏറ്റവും കുറവ് ആളുകൾ കയറുന്ന റൂട്ടിൽ പോലും മികച്ച കളക്ഷൻ റെക്കാഡ് സ്യഷ്ടിച്ചു. ഇതെല്ലാം ഷാജിയുടെ മാത്രം വേറിട്ട നേട്ടമാണ്. ആദ്യമായി സർവീസിൽ കയറിയ തിരുവനന്തപുരം ഡിപ്പോയിലെ ബസിൽ ആളുകൾക്ക് ഫലപ്രദമായ വിധത്തിലും എളുപ്പത്തിൽ മനസിലാകും വിധത്തിലും സ്ഥലനാമങ്ങൾ സ്വന്തം ചെലവിൽ തയ്യാറാക്കി. അക്കാലത്ത് വെറും പ്രതിദിനം അയ്യായിരം രൂപയുണ്ടായിരുന്ന കളക്ഷൻ പതിനായിരം രൂപയാക്കി വർദ്ധിപ്പിച്ചു. ഇവയും പരിഗണിച്ചു. ആശയാണ് ഭാര്യ. പള്ളുരുത്തിയിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്.