rathul

കൊച്ചി: കളമശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒന്നരവർഷമായി അസാമിൽ ഒളിവിൽ കഴിഞ്ഞിരുന്ന അപ്പർ അസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയ ( 20)യെ അറസ്റ്റ് ചെയ്തു.

2022ൽ കളമശേരി ചേനക്കാല റോഡിൽ താമസിച്ചിരുന്ന പ്രതി സമീപവാസിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കളമശേരി സബ് ഇൻ സ്‌പെക്ടർ സുബൈർ വി.എ., സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു വി.എസ്, ശ്രീജിത്ത്, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അസാമിലെത്തി പ്രതിയെ പിടിച്ചത്.

ഇവർ ദിബ്രുഗഡ് മിലിറ്ററി ഇന്റലിജൻസിൽ ജോലി ചെയ്യുന്ന സുബാഷ്, കൃഷ്ണകുമാർ എന്നിവരുടെ സഹായത്തോടെ ഇറച്ചി വാങ്ങാനെത്തിയവരെന്ന വ്യാജേന ഗ്രാമത്തിലെത്തി പ്രതിയെക്കുറിച്ച് മനസിലാക്കി. പിറ്റേന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. 30 കിലോമീറ്റർ അകലെ ദിമാജി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി കളമശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.