neet

മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ. പരീക്ഷയിലേക്ക് ഏകദേശം നൂറു ദിവസത്തെ ദൂരം. പരീക്ഷാ തീയതി അടുക്കുന്നതനുസരിച്ച് ടെൻഷനിലാണോ...? എന്നാൽ അതൊട്ടും വേണ്ട. ചില ടെക്‌നിക്കുകളും തന്ത്രങ്ങളുമായി അതിനെ മറികടക്കാവുന്നതേയുള്ളു.

വാരിവലിച്ചുള്ള പഠനം ഇനി വേണ്ട എന്നതാണ് അതിലാദ്യത്തേത്. അടുക്കും ചിട്ടയോടുമുള്ള പരിശീലനമാണ് ആവശ്യം.

മോഡൽ പരീക്ഷകളെഴുതാം

തിയറികൾ മനഃപ്പാഠമാക്കുന്നതിനു പകരം മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്ക് ഉത്തരം കണ്ടെത്താൻ സമയം ചെലവഴിക്കണം. എന്നാൽ, ഷോർട്ട്‌ നോട്ടുകൾ മുൻപേ തയാറാക്കിയിട്ടുണ്ടെങ്കിൽ അതിലെ ഫോർമുലകൾ നോക്കാൻ മറക്കുകയുമരുത്. അഥവാ ഷോർട്ട് നോട്ടുകൾ തയാറാക്കിയിട്ടില്ലെങ്കിൽ ഇനി അതിനായി സമയം കളയാതിരിക്കുന്നതാണ് നല്ലത്.

ടൈം മാനേജ്‌മെന്റ് പ്രധാനം

ഓരോ വിദ്യാർത്ഥിയും ടൈം മാനേജ്‌മെന്റ് പരിശീലിച്ച് തുടങ്ങുക. എങ്കിൽ മാത്രമേ പ്രധാന പരീക്ഷയിൽ സമയ പരിമിധിയില്ലാതെ എഴുതാനാവൂ. മോഡൽ പരീക്ഷയിൽ തുടങ്ങി സമയം ക്രമീകരിച്ച് ഓരോചോദ്യത്തിനും ഉത്തരങ്ങൾ കണ്ടെത്തുക. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങി ഓരോ വിഷയത്തിനുമുള്ള സമയ ക്രമീകരണം ഇപ്പോഴെ പരിശീലിക്കണം. ഒരുചോദ്യത്തിനുപോലും നേരത്തെ തീരുമാനിച്ചതിൽ നിന്ന് ഒരു സെക്കൻഡ് പോലും കുറവോ, അധികമോ കൊടുക്കാതിരിക്കുക. അറിയാത്ത ഉത്തരങ്ങൾ സ്‌കിപ്പ് ചെയ്യാൻ ഇപ്പോഴെ ശീലിക്കുക. അറിയാവുന്ന ഉത്തരമാണെങ്കിൽപോലും സമയം കൂടുതൽ വേണ്ടിവരികയാണെങ്കിൽ അവിടെനിറുത്തി അടുത്ത ചോദ്യത്തിലേക്ക്‌ പോകാൻ പരിശീലിക്കുക. അവസാനം സമയം ഉണ്ടെങ്കിൽ മാത്രം വിട്ടുകളഞ്ഞ ചോദ്യത്തിലേക്ക് തിരിച്ചുപോകുക.

മുൻ കരുതലുകൾ നേരത്തെയാക്കാം

മോഡൽ പരീക്ഷയ്ക്ക് മുൻപുതന്നെ തയാറെടുപ്പുകൾ നടത്തിയാൽ പ്രധാന പരീക്ഷയിലെ പല പ്രശ്‌നങ്ങളും അനാവശ്യ ടെൻഷനുകളും ഒഴിവാക്കാം.

* ഭക്ഷണക്രമം, ഡ്രസ്‌കോഡ് എന്നിവ ഇപ്പോഴെ ശ്രദ്ധിച്ചു തുടങ്ങുക.

* പരീക്ഷാ ഹാളിൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും മുമ്പേ പ്രവേശിക്കേണ്ടതുണ്ട്. അതിനാൽ പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുമ്പുവരെ വായിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക.

* പഠിച്ച കാര്യങ്ങൾ ഹാളിലിരുന്ന് കൂട്ടുകാരോട് ചർച്ചചെയ്യുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കുക. അത് നിങ്ങൾക്കും അവർക്കും ടെൻഷൻ മാത്രമേ ഉണ്ടാക്കുകയുള്ളു.

ഇൻപുട്ട്സ്: ബ്രില്യൻസ് കോളേജ്, പാല.