കൊച്ചി: 7000 ഡോക്ടർമാർ, അവരുടെ കുടുംബാംഗങ്ങൾ, 4000 ഓളം ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ. കൊച്ചിയിൽ ഇന്നലെ തുടക്കമായത് കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി വമ്പൻ മെഡിക്കൽ സമ്മേളനം. രാജ്യത്തെ ശിശുരോഗ വിദഗ്ദ്ധരുടെ സമ്മേളനവും കേരളത്തിന്റെയും കൊച്ചിയുടെയും സാമ്പത്തിക, മെഡിക്കൽ, കോൺഫറൻസ്, ടൂറിസം രംഗങ്ങളിൽ വൻനേട്ടമാണ് നൽകുന്നത്.
ജനുവരി 28 വരെ എറണാകുളം ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവിടങ്ങളിലാണ് പെഡിക്കോൺ 24 എന്ന സമ്മേളനം. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് ആണ് സംഘാടകർ. കൺവെൻഷൻ സെന്ററിൽ വിശാലമായ താത്കാലിക പന്തലുകളും തയ്യാറാക്കിയിട്ടുണ്ട്.
• 28 വരെ എറണാകുളത്തെയും സമീപ ജില്ലകളിലെയും മുന്തിയ ഹോട്ടലുകളിൽ ഒരു മുറി പോലും കാലിയില്ല. എല്ലാം പെഡിക്കോണിനായി മാസങ്ങൾക്ക് മുമ്പേ തന്നെ ബുക്ക് ചെയ്തു. 4,000 ഓളം മുറികളാണ് വേണ്ടത്. ആലപ്പുഴയിലെയും തൃശൂരിലെയും ഹോട്ടലുകളിൽ വരെ പ്രതിനിധികൾ താമസിക്കുന്നുണ്ട്.
• ടാക്സികൾക്കും വൻ ഡിമാൻഡാണ്. പ്രധാന ട്രാവൽ ഏജൻസികളെല്ലാം ഈ ദിനങ്ങളിൽ പെഡിക്കോണിന് വേണ്ടിയാണ് ഓടുന്നത്. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ ചെറുകിട ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വാഹനങ്ങളെല്ലാം ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം എത്തുമ്പോൾ ബോൾഗാട്ടി, ഗോശ്രീ പ്രദേശം സ്തംഭിക്കാം. വൈപ്പിൻ - ഹൈക്കോർട്ട് റൂട്ടിലാകും ഏറ്റവുമധികം തിരക്കും ഗതാഗതക്കുരുക്കുമുണ്ടാകാൻ സാദ്ധ്യത.
250 കോടി
അഞ്ചു ദിവസം കൊണ്ട് 200- 250 കോടിയുടെ ഇടപാടുകൾ കൊച്ചിയിലേക്ക് പെഡിക്കോൺ കൊണ്ടുവരുമെന്നാണ് ഏകദേശ കണക്ക്. ഹോട്ടൽ ബുക്കിംഗ്, വാഹനവാടക, വിമാനടിക്കറ്റ്, പ്രതിനിധികൾ ചെലവഴിക്കുന്ന തുക തുടങ്ങിയവ ഉൾപ്പടെയാണ് ഈ കണക്ക്. സംഘാടന ചെലവ് മാത്രം 25 കോടിയോളം വരും.
ടൂറിസത്തിന് ലോട്ടറി
കേരളത്തിന്റെ ടൂറിസം രംഗത്തിന് ഇത്തരം സമ്മേളനങ്ങൾ വലിയ ഗുണമാകും. പ്രതിനികൾ മൂന്നാറും ആലപ്പുഴയും ഉൾപ്പടെ സ്ഥലങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. സമ്മേളനം കഴിഞ്ഞുള്ള രണ്ടും മൂന്നും ദിവസം കൂടി പ്രതിനിധികൾ സംസ്ഥാനത്തുണ്ടാകും. ചെറുതും വലുതുമായ ഇത്തരം സമ്മേളനങ്ങൾക്ക് വേദിയൊരുക്കാനായാൽ സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടം ചില്ലറയല്ല. അതിനുള്ള വിപുലമായ സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണം. കഴിഞ്ഞ വർഷം 9000 ഡോക്ടർമാർ പങ്കെടുത്ത ഒപ്താൽമോളജിക്കൽ സൊസൈറ്റിയുടെ സമ്മേളനവും ഇതേ വേദികളിൽ നടന്നതാണ്. കഴിഞ്ഞയാഴ്ച എറണാകുളത്ത് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളുടെ സമ്മേളനവും നടന്നു.