ed

കൊച്ചി: ഹൈക്കോടതി പരാമർശത്തിന്റെയും കിഫ്ബി യോഗത്തിന്റെ മിനിറ്റ്സിന്റെയും അടിസ്ഥാനത്തിൽ മസാല ബോണ്ട് സംബന്ധിച്ച് മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്കിനെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടുതൽ അന്വേഷണം നടത്തും. മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവയ്ക്കാതെ മസാല ബോണ്ടിറക്കാൻ തോമസ് ഐസക് താത്പര്യം കാണിച്ചതിനെക്കുറിച്ചാണ് അന്വേഷിക്കുക.

തുടർച്ചയായി സമൻസ് അയയ്ക്കുന്നെന്ന പേരിൽ കിഫ്ബി നൽകിയ ഹർജിയിൽ ഇന്നലെ ഹൈക്കോടതി വാക്കാൽ നടത്തിയ പരാമർശങ്ങൾ ഇ.ഡിക്ക് അനുകൂലമാണ്. സമൻസിന് മറുപടി നൽകണമെന്നും അന്വേഷണം തുടരട്ടെയെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. സമൻസിനെ മുമ്പ് ചോദ്യം ചെയ്ത തോമസ് ഐസക്കിനും ഇത് ബാധകമാകുമെന്ന് ഇ.ഡിയുടെ വിലയിരുത്തുന്നു.മസാല ബോണ്ടിറക്കാൻ തോമസ് ഐസക് നടത്തിയ ഇടപെടലിനു തെളിവായാണ് കിഫ്ബി യോഗങ്ങളുടെ മിനിറ്റ്സിനെ ഇ.ഡി ചൂണ്ടിക്കാട്ടുന്നത്. കിഫ്ബി സി.ഇ.ഒ, ഫിനാൻസ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുൾപ്പെടെ എതിർപ്പും വിയോജിപ്പും അറിയിച്ചിട്ടും ബോണ്ടുമായി മുന്നോട്ടുപോകാൻ തോമസ് ഐസക്കാണ് നിർദ്ദേശിച്ചത്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി അഭിപ്രായം പറയാതിരുന്നതും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. 2019 ജനുവരി 17ലെ യോഗത്തിന്റെ മിനിറ്റ്സിൽ ഉദ്യോഗസ്ഥർ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.