turf
കരുവേലിപ്പടി ചുള്ളിക്കലിലെ ആദ്യ ടർഫ് മേയർ എം. അനിൽകുമാർ സന്ദർശിക്കുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ടർഫ് വിരിച്ച ആദ്യത്തെ കളിക്കളം നിർമ്മാണം പൂർത്തിയായി. പശ്ചിമകൊച്ചിയിൽ കരിവേലിപ്പടി ഡിവിഷനിലെ ചുള്ളിക്കലിലാണ് ആദ്യ ടർഫ് ആരംഭിക്കുന്നത്. ടിപ് ടോപ് അസീസ് ഗ്രൗണ്ട് പുനർനിർമ്മിച്ചാണ് കോർപ്പറേഷൻ ആധുനിക ടർഫ് പൂർത്തിയാക്കിയത്. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും.

കോ‌ർപ്പറേഷൻ ഫണ്ടും, പ്ലാൻ ഫണ്ടും ഉൾപ്പെടെ 86.30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. മാലിന്യ കൂമ്പാരമായിക്കിടന്ന സ്ഥലം കൗൺസിലർ ബാസ്റ്റിൻ ബേബിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി എടുക്കുകയായിരുന്നു. 45 ലോഡ് മാലിന്യമാണ് അവിടെ നിന്ന് നീക്കം ചെയ്തത്. ആധുനിക ടർഫിൽ വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

പാർക്ക്, ഓപ്പൺ സ്റ്റേജ്, ആധുനിക ജിം, ഷട്ടിൽ കോർട്ട് എന്നിവയോട് ചേർന്ന് പകൽവീട്, അങ്കണവാടി, പകൽവീട് അങ്കണം, കൗൺസിലറുടെ ഓഫീസ് എന്നിവയുമുണ്ട്. ഇവയുടെയെല്ലാം നിർമ്മാണം പൂർത്തിയായി. പാർക്കിനും അനുബന്ധ പ്രവൃത്തികൾക്കുമായി 26.60 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. പദ്ധതി പ്രദേശത്തേക്കുള്ള വഴി ടൈൽ പാകി എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെ സഹകരണത്തോടെ മാലിന്യമുക്ത നവകേരളം എന്ന ആശയം മുൻനിറുത്തി മതിലുകളിൽ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ജിമ്മും, ഷട്ടിൽ ഗ്രൗണ്ടും ഉൾപ്പടെയുള്ള സ്ഥലം പകൽ വീട്ടിലെത്തുന്ന വയോജനങ്ങൾക്കും, അംഗൻവാടിയിൽ വരുന്ന കുട്ടികൾക്കും മാനസികോല്ലാസത്തിന് ഉപയോഗിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.

കൂടുതൽ ടർഫ്

കോർപ്പറേഷന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിലൊന്നായിരുന്നു ആധുനിക ടർഫുകളുടെ നിർമ്മാണം. ചുള്ളിക്കലിലെ ടർഫിന് പുറമെ കൂടുതൽ ടർ‌ഫുകൾ നിർമ്മിക്കും. വെളി ഗ്രൗണ്ട്, ഫോർട്ട്കൊച്ചി പി.ജെ. ആന്റണി ഗ്രൗണ്ട് എന്നിവ ടർഫാക്കി മാറ്റാനുള്ള നടപടികൾ കോ‌ർപ്പറേഷൻ ആരംഭിച്ചു.

കോർപ്പറേഷൻ നൽകിയ ഓരോ വാക്കും പാലിച്ചുവരുകയാണ്. നവീന പദ്ധതികളിലൂടെ കൊച്ചി ഇനിയും സുന്ദരമാകും. മാലിന്യമുക്ത നവകേരളം എന്ന സർക്കാർ നയത്തിനൊപ്പം ചേർന്ന് പ്രഖ്യാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും പൂർത്തീകരണം കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് കൈവരിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരാണ് ആദ്യ ടർഫ്.

എം. അനിൽകുമാർ

കൊച്ചി മേയർ