 
കൊച്ചി: കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറിപ്പോയവരെ തിരിച്ചെത്തിക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിന്റെയും സെന്റർ ഫോർ ദി സ്റ്റഡി ഒഫ് സോഷ്യൽ എക്സ്‌ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസിയുടെയും സംയുക്താഭിമുഖ്യത്തിൽ 'കോവിഡിന് ശേഷമുള്ള കുടിയേറ്റത്തിന്റെ ഗതിയും അതിന്റെ ഭാവിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുസാറ്റിലെ സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഹാൾ ഒഫ് ഫെയിം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ. വിനോജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കുസാറ്റ് അപ്ലൈഡ് എക്കണോമിക്സ് വകുപ്പ് മേധാവി ഡോ.മനോജ്. പി.കെ, അദ്ധ്യക്ഷനായ ചടങ്ങിൽ അസി. പ്രൊഫസർ ഡോ.പി.ആർ. സുരേഷ്, അസിസ്റ്റന്റ് പ്രൊഫ.ഡോ. ശിഖ രമേഷ് എന്നിവർ സംസാരിച്ചു.