specialist
ട്രെയിൻ അപകടത്തിൽ കാലുകൾക്കു പരിക്കേറ്റ മുഹമ്മദ് ഫൈസലിനെ സി.പി.എം നേതാവ് പി.ജയരാജനും ഭാര്യ യമുനയും എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ. ഡോ.ജയകുമാർ, ഡോ.ആഷ സിറിയക് തുടങ്ങിയവർ സമീപം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വട്ടപ്പാട്ട് മത്സരം മിന്നിച്ച് എ ഗ്രേഡുമായി വീട്ടിലേക്ക് ട്രെയിനിൽ മടങ്ങവേ പ്ളാറ്റ്ഫോമിലിടിച്ച് ഇരുകാലുകളും ചതഞ്ഞ പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസൽ ചികിത്സകഴിഞ്ഞ് ഇന്നലെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. ഇനി പത്താംക്ളാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ് ലക്ഷ്യം.

ശാസ്താംകോട്ടയിൽവച്ച് പുലർച്ചെ ഒരു മണിയോടെയാണ് ഫൈസലിന്റെ കാലുകൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് ചതഞ്ഞരഞ്ഞത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലായിരുന്നു.

ഇടതുകാലിന്റെ തള്ളവിരൽ ചതഞ്ഞരഞ്ഞ നിലയായതിനാൽ നീക്കം ചെയ്യേണ്ടിവന്നു. മറ്റുവിരലുകൾ പൂർവസ്ഥിതിയിലാക്കി. പ്ലാസ്റ്റിക് ആൻഡ് മൈക്രോസർജറി വിഭാഗത്തിലെ ഡോ.ആർ. ജയകുമാർ, ഡോ. ആഷാ സിറിയക്, ഡോ. സെന്തിൽകുമാർ, ഡോ. ഗോപിനാഥ്, ഡോ. അവിനാശ് എന്നിവരാണ് അതിസങ്കീർണവും ദീർഘവുമായ രണ്ട് സർജറികൾക്ക് നേതൃത്വം നൽകിയത്. ഫുട്ബാൾ കളിയിലും മികവ് പ്രകടിപ്പിച്ചിട്ടുള്ള ഫൈസൽ പൂർണമായി സുഖം പ്രാപിച്ചശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങുമെന്ന നിശ്ചയത്തിലാണ്.

ആശുപത്രി മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നൽകിയ ഊഷ്മളമായ യാത്രഅയപ്പിൽ സി.പി.എം നേതാവ് പി .ജയരാജനും പങ്കെടുത്തു. 24വർഷംമുമ്പ് രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് കൈയ്ക്ക് മാരകമായി പരിക്കേറ്റ ജയരാജന് ചികിത്സനൽകിയതും സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലായിരുന്നു. ആ ഓർമ്മകളും ജയരാജൻ പങ്കുവച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർത്ഥമായ പരിശ്രമമാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈസലിന്റെ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും ക്ലാസ് ടീച്ചറും സ്‌കൂൾ മാനേജരും ചടങ്ങിൽ സന്നിഹിതരായി.

ഏഴാംതീയതി പുലർച്ചെ ഒന്നരയോടെയാണ് കൊല്ലത്തുനിന്ന് ചെന്നൈ - ഗുരുവായൂർ എക്സ്‌പ്രസിന്റെ തിങ്ങിനിറഞ്ഞ ജനറൽ കമ്പാർട്ട്മെന്റിൽ ഫൈസലും കൂട്ടുകാരും ആലുവയിലേക്ക് തിരിച്ചത്. വാതിലിനരികിൽ നിൽക്കുമ്പോഴാണ് കാൽ പുറത്തുതട്ടിയത്. എറണാകുളം പൊലീസ് വിജിലൻസ് ഉദ്യോഗസ്ഥനായ പെരുമ്പാവൂർ ചെമ്പറക്കി തങ്ങളത്ത് ടി.എസ്. അബ്ദുൾ ജമാലിന്റെയും സീനയുടെയും മൂത്തമകനാണ് മുഹമ്മദ് ഫൈസൽ. രണ്ട് അനുജന്മാരുമുണ്ട്.