ആലുവ: 14.53 കോടി രൂപ ചെലവിൽ നവീകരിച്ച ആലുവ കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ ആൻഡ് പാസഞ്ചർ അമിനിറ്റി സെന്റർ ഉദ്ഘാടനം ഫെബ്രുവരി പത്തിന് തന്നെ നടക്കും. വൈകിട്ട് അഞ്ചിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ഉദ്ഘാടനം സംബന്ധിച്ച് കഴിഞ്ഞ 11ന് 'കേരളകൗമുദി' വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു ഘട്ടമായി 8.64 കോടി രൂപയും കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്ന് 5.89 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.
30155 ചതുരശ്ര അടിയിൽ രണ്ടു നിലകളിൽ പണി പൂർത്തിയാക്കിയ പുതിയ ബസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുകളുള്ള വിശ്രമകേന്ദ്രം, കാന്റീൻ, നാല് ടോയ്‌ലറ്റുകൾ, മൂന്ന് വാഷ് ബെയ്‌സിനുകൾ അടങ്ങിയ പുരുഷന്മാരുടെ വിശ്രമമുറി, നാല് ടോയ്‌ലറ്റുകൾ, മൂന്ന് വാഷ് ബെയ്‌സിൻ അടങ്ങിയ സ്ത്രീകളുടെ വിശ്രമമുറി, അംഗപരിമിതർക്കുള്ള രണ്ട് ടോയ്‌ലറ്റുകൾ എന്നിവയുണ്ട്.
ഒന്നാം നിലയിൽ അഞ്ച് ഓഫീസ് റൂം, 43 സീറ്റുള്ള വിശ്രമകേന്ദ്രം, നാല് ടോയ്‌ലറ്റുകൾ എന്നിവയുള്ള പുരുഷന്മാരുടെ വിശ്രമമുറി, നാല് ടോയ്‌ലറ്റുകളുള്ള സ്ത്രീകളുടെ വിശ്രമമുറി, അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ് എന്നിവയുണ്ട്. രണ്ടു ലിഫ്റ്റുകളും മൂന്നിടത്ത് സ്റ്റെയർ കേസുകളും അഗ്നിശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുൻഭാഗത്ത് 18 ബസ് ബേകളടക്കം 30 ബസുകൾ പാർക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഏരിയയുമുണ്ട്. മലിനജലം ശുദ്ധീകരണ സംവിധാനം, ഡീസൽ - ഓയിൽ കലർന്ന വെള്ളം ശുദ്ധീകരണ പ്ലാന്റ്, ഇതിനാവശ്യമായ ഭൂഗർഭ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകിപ്പോന്നതിനുള്ള സംവിധാനം എന്നിവയുണ്ട്.
യാർഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിൽ 64500 ചതുരശ്ര അടി ടൈൽ വിരിക്കാനും പഴയ ഡീസൽ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനുമാണ് കെ.എസ്.ആർ.ടി.സി ഫണ്ട് ചെലവഴിച്ചത്. എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.