പെരുമ്പാവൂർ: പെരുമ്പാവൂർ -കൂവപ്പടി റോഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ. വാച്ചാൽ പാടത്ത് എട്ട് വ്യക്തികളുടെ സ്ഥലം അളന്ന് പുറമ്പോക്ക് എന്ന് രേഖപ്പെടുത്താത്തത് അടക്കമുള്ള തടസങ്ങളാണ് റോഡ് നിർമ്മാണം അഭിമുഖീകരിക്കുന്നത്. അഞ്ച് കോടി രൂപ ചെലവിട്ടുള്ള പെരുമ്പാവൂർ - കൂവപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു ദിവസമായി. എന്നാൽ വാച്ചാൽ പാടത്ത് മൂന്ന് കലുങ്കുകളിൽ ഒരെണ്ണത്തിന്റെ കോൺക്രീറ്റ് മാത്രമേ പൂർത്തിയായിട്ടുള്ളു. മറ്റു രണ്ട് കലുങ്കുകളുടെയും കോൺക്രീറ്റ് ഭാഗികമായേ നടന്നിട്ടുള്ളൂ. എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്നതിനെക്കാൾ റോഡ് ടാറിംഗിന്റെ കനം 80 സെന്റീമീറ്റർ കുറയ്ക്കാൻ പി.ഡബ്ലിയു.ഡി നിർദ്ദേശിച്ചതായി കരാറുകാരന്റെ പ്രതിനിധി പറഞ്ഞു.
റോഡിന് കിഴക്കുവശം എട്ടു വ്യക്തികളുടെ ഒരു മീറ്റർ മുതൽ 2.5 മീറ്റർ വരെയുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്കെന്ന് റവന്യു വകുപ്പ് രേഖപ്പെടുത്താത്തതും നിർമ്മാണം തടസപ്പെടാൻ കാരണമായിട്ടുണ്ട്. കൂടാതെ വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ കെ.എസ്.ഇ.ബി തയാറാകാത്തതും നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വിഷയം ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടികളുണ്ടായിട്ടില്ല. നിർമ്മാണത്തിന്റെ ഭാഗമായി കൂവപ്പടി -പെരുമ്പാവൂർ റോഡ് ബ്ലോക്ക് ചെയ്‌തതോടെ എം.സി റോഡിലെ വല്ലം കവലയിൽ വൻ ഗതാഗതക്കുരുക്കാണ്. സ്കൂൾ കുട്ടികളും വിവിധ ജോലികൾക്ക് പോകുന്നവർക്കും രോഗികളും യാത്രാക്ലേശത്തെ അഭിമുഖീകരിക്കുന്നു. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അജിൽ കുമാർ മനയത്ത്, ദേവച്ചൻ പടയാട്ടിൽ, അമ്പാടി വാഴയിൽ, ശ്രീജിത്ത് ഇരിങ്ങോൾ, ടി.യു. വക്കച്ചൻ, കെ.വി. വേണു എന്നിവർ സംസാരിച്ചു. റവന്യൂ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഫെബ്രുവരി 1ന് രാവിലെ 10 മണിക്ക് പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് ബഹുജനമാർച്ച് നടത്താനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.